Wednesday, May 15, 2024
spot_img

സിപിഎം പ്രതിരോധത്തിൽ, മേയർ രാജിയിലേക്ക് ? | Mayor

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് രാവിലെ മുതൽ നഗരസഭയുടെ പുറത്ത് മഹിളാ മോർച്ചയാണ് ശക്തമായി പ്രതിഷേധിച്ചത്. സ്ത്രീകള്‍ നഗരസഭയില്‍ സംഘടിച്ചെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. പോലീസിന്റെ ബാരിക്കേഡുകൾ തകർത്തുകൊണ്ട് മഹിളാമോർച്ച പ്രവർത്തകർ നഗരസഭക്കുള്ളിൽ തള്ളിക്കയറുകയും ചെയ്തു.

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി നിന്നു കൊണ്ട് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്രതിഷേധം നടത്തി. അഴിമതിയിൽ വിശദമായ അന്വേഷണം വേണമെന്നും മേയർ എത്രയും വേ​ഗം രാജി വയ്‌ക്കണമെന്നും മഹിളാമോർച്ച ആവശ്യപ്പെട്ടു. രാജി വെയ്‌ക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും മഹിളാമോർച്ചയുടെയും തീരുമാനം. പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

മാർച്ചിന് നേരെ പല തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിന്മാറാതെ നിൽക്കുകയായിരുന്നു. പോലീസിന്റെ ബാരിക്കേഡുകൾ മറി കടന്നു കൊണ്ട് പ്രവർത്തകർ കോർപ്പറേഷന്റെ അകത്തേയ്‌ക്ക് കയറി. കോർപ്പറേഷന്റെ അകത്തേയ്‌ക്ക് മുദ്രവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. വനിതാ പ്രവർത്തകരെ അടിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി കൗൺസിലർമാർ തടഞ്ഞു.

കരിങ്കൊടി ഉയർത്തിയും മുദ്രാവാക്യം വിളിച്ചും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിരുന്നു. കോർപ്പറേഷനിലെ ഇടത് ജീവനക്കാരും പ്രവർത്തകർക്കെതിരെ രം​ഗത്തു വന്നു. കോർപ്പറേഷന്റെ പ്രധാന ​ഗേറ്റ് പൂർണ്ണമായും ഉപരോധിച്ചു കൊണ്ടാണ് മഹിളാമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. വലിയ തോതിൽ പ്രതിഷേധവുമായി ഇരച്ചെത്തിയ പ്രവർത്തകർക്ക് മുന്നിൽ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബിജെപിയും മഹിളാമോർച്ചയും വ്യക്തമാക്കി.

അതേസമയം, മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.

താൽക്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തേടി മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് ചോർത്തിയത് പാർട്ടിക്കുള്ളിലുള്ളവർ തന്നെയെന്ന നിഗമനം ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിഫലിക്കുന്നു. സാധാരണ ക്രൈംബ്രാഞ്ച് ആസ്ഥാനം എഫ്ഐആർ റജിസ്റ്റർ ചെയ്ത് അതാത് യൂണിറ്റുകൾക്ക് പരാതികൾ കൈമാറുകയാണ് ചെയ്യാറ്. എന്നാൽ, മുഖ്യമന്ത്രിക്ക് മേയർ നേരിട്ട് നൽകിയ പരാതി, ഡിജിപി അനിൽകാന്ത് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത് അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ മാത്രം നിർദേശിച്ചുകൊണ്ടാണ്. ക്രൈംബ്രാഞ്ച് എസ്പി പി.എസ്.മധുസൂദനന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles