Thursday, April 25, 2024
spot_img

ലോകകപ്പിലെ ചട്ടം ലംഘിച്ചു! കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടിയുമായി ഫിഫ: താരത്തിനും ഫെഡറേഷനും പിഴ ചുമത്താൻ സാധ്യത

ദോഹ: ഫ്രഞ്ച് സൂപ്പർതാരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടി. ഫിഫയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മാന്‍ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഓസ്‌ട്രേലിയക്കും ഡെന്മാര്‍ക്കിനും എതിരായ മത്സരങ്ങളില്‍ എംബാപ്പെക്ക് പുരസ്‌കാരം ലഭിച്ചെങ്കിലും മാദ്ധ്യമങ്ങളെ കാണാൻ താരം തയ്യാറായിരുന്നില്ല.

ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത. പിഎസ്ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് എംബാപ്പെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തത് എന്നാണ് പറയുന്നത്.

ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ, പിന്നാലെ ഡെന്‍മാര്‍ക്ക് എന്നീ ടീമുകളെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഡെന്‍മാര്‍ക്കിനെതിരെ രണ്ട് ഗോളുകളും നേടിയത് എംബാപ്പെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോളും എംബാപ്പെ നേടി. താരത്തിന്റെ രണ്ടാം ലോകകപ്പാണിത്. രണ്ട് ലോകകപ്പില്‍ നിന്ന് ഏഴ് ഗോളുകള്‍ എംബാപ്പെ നേടിയിട്ടുണ്ട്.

Related Articles

Latest Articles