തിരുവനന്തപുരം: ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി മൂന്നു ദിവസമാക്കണമെന്ന് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ . നിലവില്‍ ഈ മാസം 29 ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. പ്രാഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദൂര സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു തങ്ങളുടെ അദ്ധ്യായനത്തെ ബാധിക്കാതെ സ്വന്തം ഭവനങ്ങളില്‍ പോയി ഈദ് ആഘോഷിച്ച്മടങ്ങാന്‍ ഒറ്റ ദിവസത്തെ അവധി അപര്യാപ്തമാണെന്നാണ് സംഘടനയുടെ അഭിപ്രായം.
അതിനാല്‍ കലണ്ടര്‍ അവധി ദിനമായ 28 നും ബലിപെരുന്നാളിന്റെ തൊട്ടടുത്ത ദിവസമായ ജൂണ്‍ 30 നും പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നാണ് മെക്ക സംസ്ഥാന പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ(ഡോ) പി.നസീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അലി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. 1983 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ രണ്ട് ഈദ് ദിനങ്ങളുടെയും തൊട്ട് മുന്നിലെയും പിന്നിലെയും ദിനങ്ങള്‍ അവധിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പ്രസ്താവനില്‍ വ്യക്തമാക്കി. റംസാൻ കാലത്ത് പരീക്ഷകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് നേരത്തെ നിരവധി മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

