ദില്ലി: പുതുവർഷത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി പാചകവാതക വില കുറച്ച് (LPG Gas Price Reduced) കേന്ദ്രസർക്കാർ. ദേശീയ എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 102.50 രൂപയായാണ് കുറച്ചത്. ഇത് ഇന്നുമുതൽ തന്നെ പ്രാബല്യത്തിൽ വരും. 19 കിലോഗ്രാം സിലിണ്ടറിന്റെ ഏറ്റവും വലിയ ഉപയോക്തൃ വിഭാഗമായ റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ചായക്കടകൾ തുടങ്ങിയവയ്ക്ക് ഇത് കുറച്ച് ആശ്വാസം നൽകും. കഴിഞ്ഞ മാസം ഡിസംബർ ഒന്നിന്, 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില 100 രൂപ വർധിപ്പിച്ചതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില ഡൽഹിയിൽ 2,101 രൂപയായി മാറിയിരുന്നു.
അതേസമയം സിലിണ്ടറിന് 2,200 രൂപ ആയിരുന്നു മുൻപത്തെ നിരക്ക്. എന്നിരുന്നാലും, 14.2 കിലോ, 5 കിലോ, 10 കിലോ സിലിണ്ടറുകളുടെയോ മറ്റ് ഗാർഹിക സിലിണ്ടറുകളുടെയോ വിലയിൽ മാറ്റമില്ല. ദില്ലിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 100 രൂപ കുറച്ചതിന് ശേഷം ഇന്ന് മുതൽ 1998.50 രൂപയാകും. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഇനി 2,072 രൂപയാകും. മുംബൈയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വാണിജ്യ വാതക വില 1,948.5 രൂപയാകും.

