Sunday, May 19, 2024
spot_img

പെരുമഴയത്തും മെസ്സിയെ കാണാനെത്തി പതിനായിരങ്ങൾ; സൂപ്പർ താരത്തെ ഇന്റർ മയാമി അവതരിപ്പിച്ചു

മയാമി : ലോക ഫുട്ബോളിൽ ഏതാണ്ടെല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ അർജന്റീനിയൻ നായകൻ മെസ്സിയെ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമി ഇന്നലെ ആരാധകർക്കു മുന്നിൽ അവതരിച്ചു. ഫോർട്ട് ലൗഡർഡെയ്‌ലിലെ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പെയ്തിറങ്ങിയ മഴയിലും പതിനായിരങ്ങളാണ് മെസ്സിയെ കാണാനായി ഒഴുകിയെത്തിയത്. ക്ലബ്ബിന്റെ ഉടമകളിലൊരാളും ഇംഗ്ലിഷ് ഫുട്ബോൾ ഇതിഹാസ താരവുമായ ഡേവിഡ് ബെക്കാം പിങ്ക് നിറത്തിലുള്ള 10–ാം നമ്പർ ജഴ്സി മെസ്സിക്കു സമ്മാനിച്ചപ്പോൾ സ്റ്റേഡിയം ആരാധകരുടെ ആർപ്പുവിളികളാൽ ആവേശപൂരിതമായി.

2025 വരെയാണ് ക്ലബ്ബുമായി മെസ്സിയുടെ കരാർ. പ്രതിവർഷം 5–6 കോടി യുഎസ് ഡോളർ (ഏകദേശം 410–492 കോടി രൂപ) പ്രതിഫലമായി മെസ്സിക്കു ലഭിക്കും. ബാർസിലോനയിൽ മെസ്സിയുടെ സഹതാരമായിരുന്ന മിഡ്ഫീൽഡർ സെർജിയോ ബുസ്കെറ്റ്സും ഇന്നലെ മയാമിയിലെത്തിയിട്ടുണ്ട്. 2025 വരെയാണ് ബുസ്കെറ്റ്സിന്റെയും കരാർ. പ്രതിവർഷം ഒരു കോടി യുഎസ് ഡോളറാണ് (ഏകദേശം 82 കോടി രൂപ) താരത്തിന് പ്രതിഫലമായി ലഭിക്കുക.

മെസ്സിയും ബുസ്കെറ്റ്സും വെള്ളിയാഴ്ച അരങ്ങേറ്റമത്സരത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. ലീഗ് കപ്പ് മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളാണ് ഇന്റർ മയാമിയുടെ എതിരാളികൾ. കഴിഞ്ഞ 11 മത്സരങ്ങളിൽ ജയമറിയാത്ത ഇന്റർ മയാമി 15 ടീമുകൾ മത്സരിക്കുന്ന ലീഗിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ . മെസ്സിയുടെ വരവ് ടീമിന്റെ മോശം നാളുകൾക്ക് അറുതി വരുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles