Monday, May 6, 2024
spot_img

“ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെടുന്നവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവ്” – ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

ദില്ലി : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തില്‍ വളരെ വലിയ വിടവാണ് ഉണ്ടാക്കിയതെന്നും ഇത്രയും ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ച ഒരു നേതാവ് കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുണ്ടാകില്ലെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെടുന്നവര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവാണെന്നും വി. മുരളീധരൻ വ്യക്തമാക്കി.

” ഒരു പൊതുപ്രവര്‍ത്തകന്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ എത്രമാത്രം കഠിനാധ്വാനി ആയിരിക്കണമെന്നത് തെളിയിച്ച വ്യക്തിത്വം കൂടിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം രാപകല്‍ ജനങ്ങളോടൊപ്പം ചെലവിട്ട ജനസമ്പര്‍ക്ക പരിപാടികള്‍ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ പകരംവെക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ രാഷ്ട്രീയ രംഗത്ത് മാത്രമല്ല കേരളത്തിലെ ജനങ്ങളുടെ കൂടി വലിയ നഷ്ടമാണ്. രാഷ്ട്രീയമായ ഭിന്നതകളുള്ളപ്പോഴും ആരോടും വിദ്വോഷം പുലര്‍ത്തിയിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ പ്രത്യേകയാണ്. ഇറാഖില്‍ നിന്ന് നഴ്‌സുമാരെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചേര്‍ന്ന് ഉമ്മന്‍ ചാണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് എത്രമാത്രം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതിന്റെ വലിയ അനുഭവമായിരുന്നു. ഏറ്റവും ഒടുവില്‍ അദ്ദേഹം ആശുപത്രിക്കിടയില്‍ കിടക്കുന്ന സമയത്ത് താന്‍ കാണാന്‍ പോയപ്പോഴും അദ്ദേഹം ചോദിച്ചത് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു. അത്തരത്തില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനിന്ന് അവരുടെ വേദനകളോടൊപ്പം നില്‍ക്കുന്ന നേതാവിന്റെ വിയോഗം എല്ലാവരേയും ദുഖത്തിലാഴ്ത്തുന്നതാണ് “- വി. മുരളീധരന്‍ പറഞ്ഞു.

Related Articles

Latest Articles