Sunday, May 5, 2024
spot_img

ഭക്ഷണ ശാലകള്‍ ഉല്‍പ്പന്നങ്ങളുടെ മൂല്യം ഉറപ്പാക്കണം – ജി.ആര്‍.അനില്‍; തിരുവനന്തപുരത്ത് മെട്രോ ഫുഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം മാര്‍ച്ച് 02, 2022 : രണ്ടായിരത്തി ഇരുപത്തി ഒന്ന് വര്‍ഷത്തെ മെട്രോ ഫുഡ് അവാര്‍ഡ് ദാനം തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുംവിധം കേരളം മുന്നേറുകയാണെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഭക്ഷ്യോത്പാദകരും റസ്റ്റോറന്‍റുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ശരിയായ മൂല്യം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം. കേരളത്തിന്‍റെ തനതു ഭക്ഷണ സംസ്കാരത്തോടൊപ്പം മറ്റ് രുചി വൈവിധ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം.

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് എസ്.എന്‍.രഘുചന്ദ്രന്‍നായര്‍ അദ്ധ്യക്ഷന്‍ ആയിരുന്നു. എസ്.കെ.എച്ച്.എഫ് രക്ഷാധികാരി ചന്ദ്രസേനന്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ജി.മോഹന്‍ദാസ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി എബ്രഹാം തോമസ്, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍, എന്നിവര്‍ പങ്കെടുത്തു.

സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്‍റുകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡുകള്‍ നല്‍കുന്നത്. മെട്രോ മാര്‍ട്ടും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസും സംയുക്തമായി കേരള ടൂറിസം, കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പറേഷന്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്.എഫ്), സൗത്ത് ഇന്ത്യ ഹോട്ടല്‍സ് & റസ്റ്റോറന്‍റ്സ് അസോസിയേഷന്‍ (SIHRA) എന്നിവരുടെ സഹകരണത്തോടെയാണ് മെട്രോ ഫുഡ് അവാര്‍ഡ് സംഘടിപ്പിച്ചത്. അവാര്‍ഡിന്‍റെ ഒന്‍പതാമത് എഡിഷനാണ് നടന്നത്.

നഗരത്തിലെ റെസ്റ്റോറന്‍റുകളുടെ വ്യവസായത്തിലുള്ള വൈശിഷ്ട്യം, പാചക വൈദഗ്ധ്യം, ശുചിത്വം, ഉപഭോക്താക്കളുടെ അഭിപ്രായം, വ്യവസായ പ്രമുഖരും പാചക വിദഗ്ധരും അടങ്ങുന്ന വിധികര്‍ത്താക്കളുടെ സമിതിയുടെ പരിശോധന, മിസ്റ്ററി ഷോപ്പിംഗ്,  തുടങ്ങിയവ കണക്കിലെടുത്താണ് മെട്രോ ഫുഡ് അവാര്‍ഡിന്‍റെ വിജയികളെ  നിശ്ചയിച്ചത്. മെട്രോ ഫുഡ് അവാര്‍ഡിന്‍റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭക്ഷ്യോല്പന്ന ബ്രാന്‍ഡുകളെയും പാചകവിദഗ്ധരെയും സംരംഭകരെയും ചടങ്ങില്‍ ആദരിച്ചു.

തിരുവനന്തപുരത്തെ ചെറുതും വലുതുമായ മുന്നൂറോളം ഭക്ഷണ ശാലകളാണ് മെട്രോ ഫുഡ് അവാര്‍ഡിന്‍റെ ഒന്നാം ഘട്ടത്തില്‍ പങ്കെടുത്തത്.

Related Articles

Latest Articles