Monday, May 13, 2024
spot_img

വാർത്തകളിൽ വീണ്ടും നിറഞ്ഞ് എംഎച്ച്370! പത്ത് ദിവസം കൊണ്ട് വിമാനം കണ്ടെത്താനാകുമെന്ന അവകാശവാദവുമായി എയ്‌റോസ്‌പേസ് വിദഗ്ധർ !

ലണ്ടൻ : 227 യാത്രക്കാരും 12 ജീവനക്കാരുമായി ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തിയേക്കും. വീണ്ടും തിരച്ചിൽ നടത്തിയാൽ പത്ത് ദിവസത്തിനകം അപ്രത്യക്ഷമായ മലേഷ്യൻ‍ എയർലൈൻസിന്റെ എംഎച്ച്370 വിമാനം കണ്ടെത്താൻ സാധിക്കുമെന്ന അവകാശവാദവുമായി എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മർചന്റും പൈലറ്റ് പാട്രിക് ബ്ലെല്ലിയും ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്.

‘‘ഞങ്ങൾ ഗൃഹപാഠം ചെയ്തു. പ്രദേശം ചെറുതാണ്, പുതിയ സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതിന് 10 ദിവസമെടുക്കും. എംഎച്ച്370 ന്റെ അവശിഷ്ടം കണ്ടെത്തുന്നത് വരെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ സാധിച്ചില്ല. ഇതു വളരെ മികച്ച മാർഗമാണ്.’’– ജീൻ-ലൂക്ക് മർചന്റ് പറഞ്ഞു. എംഎച്ച്370 ന്റെ അവശിഷ്ടങ്ങൾക്കായി പുതിയ തിരച്ചിൽ ആരംഭിക്കാൻ ഇരുവരും മലേഷ്യൻ സർക്കാരിനോടും ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി അതോറിറ്റിയോടും ആവശ്യപ്പെട്ടു.

‘‘ഞങ്ങളുടെ പഠനത്തിൽ, ഒരുപക്ഷേ പരിചയസമ്പന്നനായ ഒരു പൈലറ്റാണ് ഹൈജാക്കിങ് നടത്തിയത്. കാബിൻ മർദം കുറവായിരുന്നു. കുറച്ച് അവശിഷ്ടങ്ങൾ മാത്രം ഉണ്ടാകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരിക്കാം അത്. ഒരിക്കലും കണ്ടെത്താതിരിക്കാനാണ് ഇത് നടത്തിയത്. സൈന്യത്തിനല്ലാതെ വിമാനം ദൃശ്യമായിരുന്നില്ല. തിരയലും രക്ഷാപ്രവർത്തനവും ആരംഭിക്കുകയാണെങ്കിൽ, അതു വിമാനത്തിന്റെ സഞ്ചാരപാതയിലായിരിക്കുമെന്ന് ആ വ്യക്തിക്ക് അറിയാമായിരുന്നു.’’ – മർച്ചന്റ് വിശദീകരിച്ചു.

2014 മാർച്ച് എട്ടിനാണ് മലേഷ്യയിലെ ക്വലാലംപുരിൽ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെയാണ് MH370 അപ്രത്യക്ഷമായത്. 227 യാത്രക്കാരും 12 ക്രൂ ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 227 യാത്രക്കാരിൽ 153 പേർ ചൈനീസ് പൗരൻമാരായിരുന്നു. മലേഷ്യൻ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. പറന്നുയർന്ന് 38-മത്തെ മിനിറ്റിലാണ് വിമാനവുമായി ഉണ്ടായ അവസാനത്തെ ആശയവിനിമയം. ആ സമയത്ത് ദക്ഷിണ ചൈനാക്കടലിന്റെ ഭാഗത്തായിരുന്നു വിമാനം. പിന്നീട് വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായി.

പിന്നീട് വ്യോമയാന ചരിത്രത്തിൽ ഏറ്റവും ചെലവേറിയ തിരച്ചിലാണ് MH370ക്കായി നടന്നത്. 2015 ലും 16 ലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിൽ നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങൾ MH370യുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles