പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഇറാന് നേരെയുള്ള സൈനിക നടപടികളിൽ നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ്. ഇറാന്റെ വൈദ്യുതി നിലയങ്ങൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും നേരെ നടത്താനിരുന്ന എല്ലാ വ്യോമാക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ട്രമ്പ് ഉത്തരവിട്ടു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ അമേരിക്കയും ഇറാനും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചകൾ അങ്ങേയറ്റം ഫലപ്രദമായിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെക്കുന്നതെന്നും ട്രമ്പ് വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾക്ക് പൂർണ്ണവും ശാശ്വതവുമായ പരിഹാരം കാണുന്നതിനായുള്ള നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കുക എന്നതാണ് ഈ അഞ്ച് ദിവസത്തെ ഇടവേളയുടെ ലക്ഷ്യം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രമ്പ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ ഗതിയും സ്വഭാവവും പോസിറ്റീവ് ആയതിനാലാണ് പ്രതിരോധ വകുപ്പിന് (ഡിപ്പാർട്ട്മെന്റ് ഓഫ് വാർ) ഇത്തരമൊരു നിർദ്ദേശം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ഉടനീളം ചർച്ചകൾ തുടരാനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം.
എന്നാൽ, നിലവിൽ തുടരുന്ന ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും ഈ താൽക്കാലിക വെടിനിർത്തലെന്ന് ട്രമ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെടുകയോ ഇറാൻ്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുകയോ ചെയ്താൽ ആക്രമണം പുനരാരംഭിക്കുമെന്ന സൂചനയും ഇതിലുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണിയെത്തുടർന്ന് പവർ പ്ലാന്റുകൾ തകർക്കുമെന്ന് ട്രമ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ നീക്കം യുദ്ധത്തിന്റെ വക്കിലെത്തിയ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

