Monday, April 29, 2024
spot_img

നടക്കാനിറങ്ങിയയാളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; വാർത്ത ദുഃഖകരമെന്നും വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ധോണിയിൽ പുലർച്ചെ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു എന്ന വാർത്ത ദുഃഖകരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വിഷയത്തിൽ ഇടപെടാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെയ്യാനാകുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള നിർദേശം ഉദ്യോഗസ്ഥർക്കും വനം വകുപ്പിനും നൽകിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. റിപ്പോർട്ട് കിട്ടിയ ശേഷം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം സംഭവത്തിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സിപിഐഎം പ്രവർത്തകരും ചേർന്ന് ഇപ്പോൾ പാലക്കാട് ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുകയാണ്. അകത്തേത്തറ, പുതുപെരിയാരം പഞ്ചായത്തുകളിൽ സിപിഐഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. ഫോറസ്റ്റ് ഓഫീസറോട് ഇക്കാര്യം സംസാരിച്ചപ്പോൾ, ‘റോഡിലൂടെ എന്തിനു നടക്കാനിറങ്ങി?’ എന്നായിരുന്നു ചോദ്യമെന്ന് നാട്ടുകാർ പറയുന്നു. കുങ്കിയാനയ്ക്ക് ഫോറസ്റ്റ് അധികൃതർ നൽകുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്ന ആനയാണ് കൊന്നത്. വനം വകുപ്പുകാർ തീറ്റിപ്പോറ്റിയ കാട്ടാനയാണ് ഞങ്ങളെ കൊന്നത്. ആളെ കൊന്നതിൽ ഉത്തരവാദി കാട്ടുമൃഗമല്ല, വനം വകുപ്പാണ് എന്നും നാട്ടുകാർ പ്രതികരിച്ചു.

പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Latest Articles