Wednesday, September 30, 2026

എൻസിപിയിൽ മന്ത്രിമാറ്റം ! എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയും ! തോമസ് കെ തോമസ് പുതിയ മന്ത്രി ; പ്രഖ്യാപനം ഒരാഴ്ചയ്ക്കകം

എന്‍സിപിയിൽ ഒടുവിൽ മന്ത്രിമാറ്റം. രണ്ടാം പിണറായി മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയും. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ആകും പകരം മന്ത്രിസഭയിലെത്തുക. ഇന്ന് മുംബൈയിൽ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പുതിയ മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്നാണ് വിവരം.

പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നൽകിയിരുന്നു . രണ്ടര വര്‍ഷത്തെ കരാര്‍ പ്രകാരം ശശീന്ദ്രന്‍ ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

തർക്കം മുഖ്യമന്ത്രിക്ക് മുന്നിൽ എത്തിയപ്പോൾ വിഷയം എൻസിപിയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിനാൽ എൻസിപിയിൽ തന്നെ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നായിരുന്നു നിർദ്ദേശം. മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാല്‍ എംഎൽഎ. സ്ഥാനവും രാജിവെയ്ക്കുമെന്ന നിലപാടിലായിരുന്നു എ കെ ശശീന്ദ്രൻ. ശശീന്ദ്രൻ എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരും. എൽഡിഎഫിന് നിലവിൽ ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് താല്പര്യമില്ല. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് ശരദ് പവാർ തന്നെ മുന്നിട്ടിറങ്ങിയത്.

Related Articles

Latest Articles