Sunday, May 5, 2024
spot_img

നിയമസഭാ കയ്യാങ്കളി: സ്പീക്കറുടെ ഡയസില്‍ കയറിയത് ആറുപേര്‍ മാത്രമല്ലെന്ന് പ്രതികള്‍; പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍: വിടുതൽ ഹർജി എതിർത്ത് സർക്കാർ അഭിഭാഷകൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ കൂടുതൽ പേർ പങ്കാളികളാണെന്ന് പ്രതികള്‍. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ സിജെഎം കോടതിയില്‍ വാദം കേൾക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത്.

സംഘർഷം ഉണ്ടാക്കിയത് വാച്ച് ആന്‍റ് വാർഡായി എത്തിയ പോലീസുകാരാണ്. അക്രമം കാണിക്കാൻ പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലംപ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസിൽ പൊലീസ് മാത്രമാണ് സാക്ഷികൾ, 140 എം.എൽ.എമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, വി. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തു. നിയമപരമായി കുറ്റമാണെന്ന് അറിഞ്ഞാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇതുമായി ബന്ധപ്പെട്ട വിധി അടുത്ത മാസം ഏഴിന് പറയുമെന്ന് കോടതി വ്യക്തമാക്കി.

Related Articles

Latest Articles