തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച (POCSO Case) സംഭവത്തിൽ യുവാവിന് 25 വർഷം കഠിന തടവ് വിധിച്ച് കോടതി. അതോടൊപ്പം 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി തടവ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ 50,000 രൂപ കുട്ടിക്ക് നൽകാനാണ് നിർദ്ദേശം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്നും കോടതി വ്യക്തമാക്കി.
വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവാണ് വിവാഹവാഗ്ദാനം നൽകി പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത്. 2017-2018 കാലത്താണ് കേസിനാസ്പദമായ സംഭവം. ദളിത് പെൺകുട്ടിയെ പലപ്പോഴായി ഇയാൾ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. 17കാരിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിക്കൊണ്ട് ഇയാൾ വിവാഹ വാഗ്ദാനവും നൽകിയിരുന്നു. ക്രൂര പീഡനത്തെ എതിർത്തതിനെ തുടർന്ന് കുട്ടിയെ മർദ്ദിക്കുകയുമുണ്ടായി. കുട്ടിയുടെ സ്വർണ ഏലസും പണവും കൈക്കലാക്കി വിറ്റ പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അപ്പോഴാണ് പെൺകുട്ടിക്ക് താൻ ചതിക്കപ്പെട്ടുവെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

