Tuesday, October 27, 2026

അനുഭവക്കുറവ് മൂലം പിഴവുകൾ സംഭവിച്ചു, തിരുത്തും’; അമ്മയിലെ തർക്കങ്ങൾക്കിടെ നിർണായക നീക്കവുമായി ശ്വേത മേനോൻ കമ്മറ്റി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അധികാര തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടക്കവെ, സംഘടനയിലെ അംഗങ്ങൾക്ക് വിശദീകരണവുമായി ശ്വേത മേനോൻ കമ്മറ്റിയുടെ കത്ത്. കഴിഞ്ഞ ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിൽ ഉണ്ടായ ചില പിഴവുകൾ അനുഭവക്കുറവ് മൂലം സംഭവിച്ചതാണെന്നും അവ തിരുത്താനുള്ള നടപടികൾ ഇതിനോടകം തന്നെ ആരംഭിച്ചതായും കത്തിൽ ശ്വേത മേനോൻ വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും വരും ദിവസങ്ങളിൽ മുന്നോട്ട് പോകാനാണ് നിലവിലെ ലീഡർഷിപ്പിന്റെ തീരുമാനം. ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും, അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും യാതൊരു വിധത്തിലുള്ള തടസങ്ങളും ഉണ്ടാകില്ലെന്നും കത്തിലൂടെ അംഗങ്ങൾക്ക് ഉറപ്പുനൽകുന്നു. പ്രതിസന്ധികൾക്കിടയിലും സംഘടനയുടെ സുഗമമായ നടത്തിപ്പിന് ഇത് അനിവാര്യമാണെന്നാണ് കമ്മറ്റിയുടെ നിലപാട്.

അതേസമയം, ശ്വേത മേനോന്റെ കത്തിന് കമ്മറ്റിയിലെ എതിർവിഭാഗം ഇതുവരെ അനുകൂലമായോ പ്രതികൂലമായോ മറുപടി നൽകിയിട്ടില്ല. നിലവിലെ വിഷയങ്ങളിൽ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ഈ വിഭാഗത്തിന്റെ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അമ്മയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട കേസ് ഈ മാസം ഇരുപത്തിയേഴിന് എറണാകുളം മുൻസിഫ് കോടതി പരിഗണിക്കും. കോടതിയുടെ നിലപാട് സംഘടനയുടെ ഭാവി ഭരണകാര്യങ്ങളിൽ നിർണായകമാകും.

Related Articles

Latest Articles