കൊച്ചി: ആലുവ സ്വദേശിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി (High Court) തള്ളി. മാതാപിതാക്കള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രായം കൂടി കണക്കിലെടുത്താണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണത്തില്‍ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെ സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുക്കിയ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു.
തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. അഡീ. സെഷൻസ് കോടതി നേരത്തേ ജാമ്യ ഹർജി തള്ളിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു പ്രതികളുടെ വാദം. മൊഫിയയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ച സിഐ സുധീറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.
ഭര്‍ത്താവിന്‍റെ വീട്ടില്‍ മൊഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനമെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

