Sunday, May 5, 2024
spot_img

ബംഗളൂരു ഭീ_ ക_ രാ_ ക്ര_ മ_ ണ ഗൂഢാലോചനക്കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ മുഹമ്മദ് അർഷാദ് ഖാൻ വലയിൽ

ബെംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ചു ഭീകരരെ തോക്കുകളും വെടിക്കോപ്പുകളുമായി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. സെൻട്രൽ ക്രൈം ബ്രാഞ്ചാണ് കർണാടക സ്വദേശികളായ അഞ്ചു പേരെയും അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ തത്വമയി ആയിരുന്നു ആദ്യമായി പ്രേക്ഷകരിലേക്കെത്തിച്ചത്. ഇപ്പോഴിതാ, ബംഗളൂരു ഭീകരാക്രമണ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതി ജുനൈദിന്റെ സഹായിയെന്ന് കരുതുന്ന മുഹമ്മദ് അർഷാദ് ഖാനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. 2017-ൽ ജുനൈദിനൊപ്പം നൂർ അഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഹമ്മദ് അർഷാദ് ഖാന് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നറിയാൻ ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഒമര്‍, സാഹിദ് തബ്രാസ്, സയ്യിദ് മുദസ്സിര്‍ പാഷ, മുഹമ്മദ് ഫൈസല്‍ എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ് അഞ്ചുപേരും. ഇവരില്‍നിന്ന് സ്‌ഫോടകവസ്തുക്കളും ഏഴ് നാടന്‍ത്തോക്കുകളും വോക്കിടോക്കികളും 12 മൊബൈല്‍ഫോണുകളും പിടിച്ചെടുത്തതായും ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ അന്ന് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇപ്പോൾ അറസ്റ്റിലായ അർഷാദ് ഖാനെ പോലീസ് നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, 2017 ലെ കൊലപാതക കേസിൽ ജുനൈദിനൊപ്പം പ്രതിയായിരുന്നു അർഷാദ് ഖാൻ. കേസിൽ പുറത്തിറങ്ങിയ ശേഷവും ഇയാൾ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇയാളുടെ പേരിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമം തുടങ്ങി 17 കേസുകളുണ്ടെന്നു നോർത്ത് ഡിവിഷൻ ഡിസിപി ശിവപ്രകാശ് ദേവരാജ് വ്യക്തമാക്കി.

അതേസമയം ജുനൈദ് അഹമ്മദിനെതിരെ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. വിദേശത്ത് ഒളിവിൽ കഴിയുന്ന ജുനൈദിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാൻ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. ജുനൈദിന്റെ അറസ്റ്റിനായി ഇന്റർപോളിന് സമർപ്പിക്കാൻ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. രണ്ട് വർഷം മുമ്പ് ജയിൽ മോചിതനായ ജുനൈദ് ദുബായിലേക്ക് കടന്നതായാണ് സൂചന. ജുനൈദ് 2021ൽ ദുബായിലേക്ക് പോയിരുന്നുവെങ്കിലും അവിടെ നിന്ന് എവിടേക്കാണ് പോയതെന്ന് വ്യക്തമല്ലെന്നാണ് വിവരം. ജുനൈദ് ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലക്ഷർ ഇ തൊയ്ബയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രമുഖ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൂടാതെ, 2021 ല്‍ രാജ്യം വിട്ട ഇയാള്‍ അഫ്ഗാനില്‍നിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഹെബ്ബാള്‍ സുല്‍ത്താന്‍പാളയയില്‍ കന്നുകാലി കച്ചവടക്കാരനായി ജീവിതം തള്ളി നീക്കുന്നതിനിടെയാണ് ഇയാൾ അപ്രതീക്ഷിതമായി തീവ്രവാദ ആശയങ്ങളിലെത്തുന്നത്. 2017-ല്‍ ഇയാളെ സാമ്പത്തിക തർക്കത്തെ തുടർന്ന് നൂര്‍ മുഹമ്മദ് എന്നയാള്‍ ഭാര്യയുടെ മുന്നിലിട്ട് അര്‍ധനഗ്നനാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ഇതിന് പ്രതികാരമായി 2017 സെപ്റ്റംബറിൽ ഇയാളും കൂട്ടാളികളും നൂര്‍ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കൊലക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെയാണ് ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ജുനൈദ് അടുക്കുന്നതും നസീർ വഴി ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് എത്തുന്നതും. 2019-ല്‍ കൊലക്കേസിൽ ജാമ്യംകിട്ടി പുറത്തിറങ്ങിയ ജുനൈദ് പിന്നീട് തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കാണ് തിരിഞ്ഞത്. രക്തചന്ദനം കടത്തിയ കേസില്‍ ഇടയ്ക്ക് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തുടര്‍ന്ന് 2021-ല്‍ തന്റെ തീവ്രവാദബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ അഫ്ഗാനിലേക്ക് കടന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിദേശത്ത് കഴിയുന്ന ജുനൈദിനെക്കുറിച്ചുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയുമായും കേന്ദ്ര ഏജൻസികളുമായും ഇതിനകം കൈമാറിയതായി കർണാടക പോലീസ് വ്യക്തമാക്കി. ഇന്റർപോളിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ടെന്നും കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കി.

Related Articles

Latest Articles