സിഡ്നി: വിസ ലഭിക്കാത്തതിനെ തുടർന്ന് നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കാനിരുന്ന മെഗാ ഷോ മാറ്റിവെച്ചു. മോഹൻലാൽ ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ഓസ്ട്രേലിയയിൽ എത്തിയിരുന്നെങ്കിലും, അവസാന നിമിഷം വിസ തടസ്സപ്പെട്ടതാണ് ഷോ അനിശ്ചിതമായി നീട്ടിവെക്കാൻ കാരണമായത്. സംഭവത്തിൽ കടുത്ത മനോവിഷമം പ്രകടിപ്പിച്ചുകൊണ്ട് മോഹൻലാൽ സംഘാടകർക്കും ആരാധകർക്കുമായി പ്രത്യേക വീഡിയോ സന്ദേശം അയച്ചു. സാങ്കേതിക പ്രശ്നങ്ങളോ ക്ലറിക്കൽ വീഴ്ചകളോ എന്തായാലും അതിലേക്ക് കടക്കുന്നില്ലെന്നും, തനിക്ക് വരാൻ സാധിക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതെന്ന് മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഒരു കലാകാരൻ എന്ന നിലയിൽ നിരവധി സ്റ്റേജ് ഷോകൾ വിദേശത്ത് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ സാഹചര്യം ഏറെ വേദനാജനകമാണ്. പ്രശസ്ത ഗായിക കെ.എസ്. ചിത്രയടക്കമുള്ള മുഴുവൻ താരങ്ങളും സിഡ്നിയിൽ എത്തിയിട്ടുണ്ടെന്നും, എന്നാൽ തനിക്ക് മാത്രം യാത്ര ചെയ്യാനാകാത്തതിൽ എന്തു പറയണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോ കാണുന്നതിനായി ഏറെ ദൂരം ഡ്രൈവ് ചെയ്തും അല്ലാതെയും എത്തിയ എല്ലാ ആരാധകരോടും ഹൃദയത്തിന്റെ ഭാഷയിലാണ് താൻ ക്ഷമ ചോദിക്കുന്നതെന്നും താൻ തീർത്തും നിസ്സഹായനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആരാധകരുടെ നിരാശ പരിഹരിക്കാൻ ഇതേ ടീമിനൊപ്പം ഉടൻതന്നെ പുതിയൊരു തീയതിയിൽ സിഡ്നിയിൽ തിരിച്ചെത്തുമെന്നും ഒരു ഗംഭീര ഷോ സമ്മാനിക്കുമെന്നും മോഹൻലാൽ ഉറപ്പുനൽകി. പുതിയ തീയതി പിന്നീട് എല്ലാവരുടെയും സൗകര്യാർത്ഥം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ആരാധകർ ഈ ക്ഷമാപണം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

