തിരുവനന്തപുരം: അനന്തശയനത്തിന്റെ പുണ്യഭൂമിക്ക് ചരിത്രത്തിൽ പുതിയൊരു അലങ്കാരം കൂടി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തോടുള്ള ആദരസൂചകമായി ഇന്ത്യാ തപാൽ വകുപ്പ് തയ്യാറാക്കിയ സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും ഓഗസ്റ്റ് 10-ന് നാടിന് സമർപ്പിക്കും. തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഔദ്യോഗിക പ്രകാശനം നിർവഹിക്കും.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീ പദ്മനാഭസ്വാമിയുടെ രൂപവും ഉൾക്കൊള്ളുന്നതാണ് ഈ സ്ഥിരം തപാൽ മുദ്ര. ഓഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്നും അയക്കുന്ന എല്ലാ കത്തുകളിലും പാഴ്സലുകളിലും ഈ വിശേഷപ്പെട്ട മുദ്ര പതിക്കപ്പെടും. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന നാലാമത്തെ ക്ഷേത്രമെന്ന സവിശേഷതയും ഇതിലൂടെ പദ്മനാഭസ്വാമി ക്ഷേത്രത്തിന് സ്വന്തമാകുന്നു. ഇതിനുമുമ്പ് ശബരിമല, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, കാസർഗോഡ് മധൂർ സിദ്ധി വിനായക ക്ഷേത്രം എന്നിവയ്ക്കാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. കേരളത്തിൽ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള കേന്ദ്രങ്ങൾക്കായി അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം തപാൽ മുദ്ര കൂടിയാണിത്.
പ്രധാന ആകർഷണങ്ങളിലൊന്നായ സ്വർണ ഫോയിലിൽ തീർത്ത ശ്രീ പദ്മനാഭസ്വാമിയുടെ ചിത്രം പതിപ്പിച്ച പ്രത്യേക പ്രീമിയം തപാൽ കവറും ചടങ്ങിൽ പുറത്തിറക്കും. ആദ്യഘട്ടമായി 200 രൂപ വിലയുള്ള 2,000 കവറുകളാണ് തപാൽ വകുപ്പ് വിപണിയിലിറക്കുന്നത്. സംസ്ഥാനത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ഈ ചടങ്ങിന് വൻ ഒരുക്കങ്ങളാണ് ഫോർട്ട് പോസ്റ്റ് ഓഫീസിൽ നടന്നുവരുന്നത്.

