Saturday, June 1, 2024
spot_img

നെയ്യാറ്റിൻകര ​ഗോപനും കുടുംബവും: ‘ആറാട്ട്’ വീഡിയോ സോം​ഗ് പുറത്ത്

തീയേറ്ററുകളിൽ ആവേശമായി മോഹൻലാലിൻറെ ചിത്രം ‘ആറാട്ട്‘ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഒരു കംപ്ലീറ്റ് മോഹൻലാല്‍ ഷോയാണ് ചിത്രം. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി. ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്ന സിനിമാമേഖലയ്ക്ക് ആറാട്ട് നൽകുന്ന ഉണർവ് ചെറുതല്ല.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോം​ഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘നീഹാരം പൊഴിയും വഴിയിൽ’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറാണ്. ഹരിനാരായണൻ ബികെയുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. ​ചിത്രത്തെ പോലെ തന്നെ ഗാനത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല ഗാനത്തിൽ നെയ്യാറ്റിൻകര ​ഗോപന്റെ കുടുംബത്തെയാണ് ​ഗാനത്തിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനായി എത്തിയത്. കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്. ‘പുലിമുരുകന്‍’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസ്തിക, മാളവിക മേനോന്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Related Articles

Latest Articles