തിരുവനന്തപുരം: കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തിൽ അനുസ്മരിച്ച് നടൻ മോഹന്‍ലാല്‍. ഈ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും, എങ്ങനെ പ്രതികരിക്കണമെന്നറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
”പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാര്‍. ചെറിയ പ്രായം മുതൽ തന്നെ എനിക്ക് അദ്ദേഹത്തെ അറിയാം. ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലുള്ള ഒരു വാര്‍ത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്.”- മോഹന്‍ലാല്‍ പറഞ്ഞു.
”പുനീത് രാജ്കുമാറിനൊപ്പം മൈത്രി എന്ന ചിത്രത്തില്‍ ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഷോക്കിങ് ആണെന്നും” മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‌കുമാര്‍ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 46 വയസായിരിന്നു. അദ്ദേഹത്തിന്‍റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു. ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ഇന്‍ഡസ്‌ട്രിയില്‍ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്. പുനീത് രാജ്‍കുമാറിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു.
അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. 2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. നടന്‍, അവതാരകന്‍, പിന്നണി ഗായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനായിരുന്നു.

