റായ്പൂർ: ഛത്തീസ്ഗഡിൽ എട്ട് വയസുകാരനെ നിർബന്ധിത മതപരിവർത്തനത്തിന് (Religious Conversion) ഇരയാക്കിയ അമ്മ അറസ്റ്റിൽ. ജഷ്പൂർ ജില്ലയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അമ്മയെയും ഇതിന് കൂട്ടുനിന്ന അമ്മൂമ്മയേയും പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് വർഷം മുൻപ് വിവാഹിതരായ ഹിന്ദു ദമ്പതികൾക്ക് എട്ട് വയസുള്ള മകനും ആറ് വയസുള്ള മകളുമാണ് ഉള്ളത്. പ്രായപൂർത്തിയാകാത്ത മകനെയാണ് യുവതി നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചത്.
എന്നാൽ തന്റെ അനുമതിയില്ലാതെയാണ് കുട്ടിയെ മുസ്ലീം മതത്തിലേക്ക് മാറ്റിയത് എന്ന് ഭർത്താവ് പരാതിയിൽ പറഞ്ഞു. കഴിഞ്ഞ നവംബറിൽ ഭാര്യ, കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും തുടർന്ന് നിർബന്ധിച്ച് മതം മാറ്റുകയും ചെയ്തുവെന്നാണ് ഭർത്താവ് പറയുന്നത്. സംഭവത്തിൽ പോലീസ് ഇവർക്കെതിരെ കേസെടുത്തു. മതപരിവർത്തനത്തിന് കൂടുതൽ ആളുകളുടെ സഹായം ലഭിച്ചോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

