എറണാകുളം: കൊച്ചി കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു (Youth Murder In Kochi). വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊന്നത്.
രാത്രിയോടെ അൻസിലിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. ഫോണിൽ സംസാരിക്കാനായി പുറത്തേക്കിറങ്ങിയ അൻസിലിനെ ഒൻപതരയോടെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽവച്ച് അക്രമിസംഘം അൻസിലിനെ വെട്ടുകയായിരുന്നു.
കഴുത്തിന് വെട്ടേറ്റ അൻസിലിനെ പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അൻസിലിനെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്ന് പുറത്തിറക്കിയത് എന്ന് പോലീസ് സംശയിക്കുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അന്വേഷിച്ചുവരികയാണ്. കൊലപാതക കാരണം വ്യക്തമല്ല. സംഭവ സ്ഥലത്തുനിന്ന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

