Saturday, May 4, 2024
spot_img

മരടില്‍ തീരില്ല നടപടി;കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശങ്ങളില്‍ 1800-ഓളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ട ഗുരുതരസാഹചര്യമെന്ന് സര്‍ക്കാര്‍. അനധികൃത നിര്‍മാണത്തെക്കുറിച്ച്‌ സുപ്രീംകോടതി റിപ്പോര്‍ട്ടു തേടിയ സാഹചര്യത്തില്‍ നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. അനധികൃത നിര്‍മാണങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശസെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

മരട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്ളാറ്റുകള്‍ക്കും ബാധകമാണ്. വിവിധ ഭാഗങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. അത്തരം പല കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഇനി ഇളവുനല്‍കാനാകില്ലെന്ന്‌ മന്ത്രിസഭായോഗം വിലയിരുത്തി.

തീരപരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകും. നിര്‍മാതാക്കള്‍ക്കെതിരേ ക്രിമിനല്‍കേസ് എടുക്കും. ഇവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി ഫ്ളാറ്റ് വാങ്ങിയവര്‍ക്ക് നല്‍കും. സര്‍ക്കാര്‍ പ്രത്യേകനഷ്ടപരിഹാരം നല്‍കില്ല. നിര്‍മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി തുടരാനും തീരുമാനിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസാണ് മരട് ഫ്ളാറ്റ് വിഷയം മന്ത്രിസഭയോഗത്തില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ വിവരം അദ്ദേഹം റിപ്പോര്‍ട്ടുചെയ്തു. കോടതി കര്‍ശനനിലപാട് തുടരുന്ന സാഹചര്യത്തില്‍ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുക മാത്രമാണ് സര്‍ക്കാരിനുമുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം വിശദീകരിച്ചു.

തീരദേശപരിപാലന നിയമത്തില്‍ പിന്നീട്‌ ഭേദഗതി വന്നെങ്കിലും കെട്ടിടനിര്‍മാണ സമയത്ത്‌ നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്ളാറ്റുകളുടെ കാര്യത്തില്‍ ബാധകം. ഭേദഗതിയനുസരിച്ച്‌ നിര്‍മാണാനുമതിയുള്ള മേഖലയിലാണ് ഇപ്പോള്‍ ഈ ഫ്ളാറ്റുകള്‍. എന്നാല്‍, ഭേദഗതിയില്‍ പരിസ്ഥിതിവകുപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം.

തീരദേശ പരിപാലനം സംബന്ധിച്ച പ്രത്യേകസമിതിക്ക് രൂപം നല്‍കേണ്ടതുമുണ്ട്. ഇത്തരം നടപടി പൂര്‍ത്തിയാക്കാത്തതിനാല്‍ നിയമഭേദഗതിയുടെ ആനുകൂല്യം കിട്ടില്ല. ഇളവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കാനുമാവില്ല. ഈ സാഹചര്യത്തില്‍ പൊളിക്കാതെ മറ്റുവഴികളില്ലെന്നും യോഗം വിലയിരുത്തി.

Related Articles

Latest Articles