Monday, April 29, 2024
spot_img

റിയാൻ പരാഗിനെതിരെ കൂടുതൽ മുൻ താരങ്ങൾ രംഗത്ത് ; രാജസ്ഥാൻ ബാറ്റിങ് ക്രമം മാറ്റണമെന്നാവശ്യമുയരുന്നു

ജയ്പൂർ : ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി പരാജയപ്പെടുന്ന രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗിനെതിരെ മുൻ ക്രിക്കറ്റ് താരം അമോൽ മജുംദാർ രംഗത്ത് വന്നു. ലക്നൗവിനെതിരെയുള്ള താരത്തിന്റെ മെല്ലെപ്പോക്ക് മൂലമാണ് രാജസ്ഥാൻ തോറ്റതെന്നാണു മജുംദാറിന്റെ അഭിപ്രായം. ‘‘നേരിട്ട ഏഴു പന്തിൽ മൂന്നു റൺസാണ് ഒരു സമയത്ത് റിയാൻ പരാഗിനുണ്ടായിരുന്നത്. അതിവേഗ ബാറ്റിങ്ങിലേക്ക് പരാഗ് മാറേണ്ടതുണ്ട്.’’– മജുംദാർ പ്രതികരിച്ചു.

‘‘യുവതാരം ധ്രുവ് ജുറലിനെ രാജസ്ഥാൻ നേരത്തേ ബാറ്റിങ്ങിന് അയക്കണമായിരുന്നു. കാരണം ജുറൽ ഫോമിലുള്ള താരമാണ്. കളി ജയിപ്പിക്കാനുള്ള കഴിവ് ആർക്കാണുള്ളതെന്നു നിങ്ങൾക്കു മനസ്സിലാക്കാം. നേരിട്ട ആദ്യ പന്തിൽതന്നെ സിക്സിന് വളരെ അടുത്തെത്തുന്നുണ്ട് അദ്ദേഹം. ദുഷ്കരമായ പിച്ചുകളിൽ ആങ്കർ റോളിൽ കളിക്കുന്ന താരങ്ങൾ രാജസ്ഥാൻ റോയൽസിൽ കുറവാണ്.’’– അമോൽ മജുംദാര്‍ പറഞ്ഞു.

ലക്നൗവിനെതിരായ മത്സരത്തിൽ 12 പന്തുകളിൽനിന്ന് 15 റൺസാണു റിയാൻ പരാഗ് നേടിയത്. ധ്രുവ് ജുറൽ, ജേസൺ ഹോൾഡർ തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാർ ഉള്ളപ്പോഴാണ് ദേവ്ദത്ത് പടിക്കലിനെയും റിയാൻ പരാഗിനെയുമാണ് രാജസ്ഥാൻ റോയൽസ് ജയം ലക്ഷ്യമാക്കി ഇറക്കിയത്. തീരുമാനം തെറ്റിയതോടെ 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 10 റൺസിന്റെ തോൽവിയും ടീമിന് വഴങ്ങേണ്ടി വന്നു.

ചെറിയ വിജയ ലക്ഷ്യമായിരുന്നിട്ടുകൂടി രാജസ്ഥാനു വിജയിക്കാൻ സാധിക്കാതിരുന്നതോടെ ആരാധകരും റോയല്‍സിനെതിരെ തിരിഞ്ഞിട്ടുണ്ട്. തോൽവി വഴങ്ങിയെങ്കിലും ആറു മത്സരങ്ങളിൽ നാലും ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്.

Related Articles

Latest Articles