Saturday, May 11, 2024
spot_img

സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപ! സുരേഷ് കുമാർ നയിച്ചത് ലളിത ജീവിതം; പണം സ്വരുക്കൂട്ടിയത് വീട് വെക്കാനെന്ന് മൊഴി; പ്രതിയെ ഇന്ന് തൃശ്ശൂർകോടതിയിൽ ഹാജരാക്കും

പാലക്കാട്: വിജിലൻസ് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തികൊണ്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലധികം രൂപ. വസ്തുവിന് ഒരു ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങിയതാണ് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റായ സുരേഷ് കുമാറിനെ കുടുക്കിയത്. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഇത്രയധികം തുക വിജിലൻസ് പിടിക്കുന്നത് ഇതാദ്യമാണെന്ന് വിജിലൻസ് അറിയിച്ചു. സുരേഷ് കുമാറിനെ ഇന്ന് തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

അതേസമയം, പ്രതി നയിച്ചത് വളരെ ലളിത ജീവിതമായിരുന്നു. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി.അവിവാഹിതൻ ആയതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴി നല്‍കി. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് അന്വേഷിക്കും. വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ ക്രമക്കേട് നടത്തിയിരുന്നു.

പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലൻസ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാർ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികൾ പറയുന്നു.

Related Articles

Latest Articles