Sunday, May 5, 2024
spot_img

അമ്മയുടെയും മകളുടെയും പുസ്തകപ്രകാശനം ഒരേ വേദിയിൽ ! മലയാള സാഹിത്യ രംഗത്തെ അപൂർവ നിമിഷങ്ങൾക്ക് വേദിയായി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ

മണൽ മരുഭൂമിയിലെ പ്രവാസ ജീവിതാനുഭവങ്ങൾ വായനയിലൂടെ മലയാളിക്ക് പരിചിതമാക്കിയ പ്രശസ്ത എഴുത്തുകാരി മഞ്ജു ശ്രീകുമാറിന്റെ ബാൽക്കണിക്കാഴ്ചകൾ എന്ന കഥാസമാഹാരവും മകൾ പതിനേഴ് വയസ്സ്കാരിയായ ശിവാംഗി മേനോൻ ശ്രീകുമാർ രചിച്ച ഇംഗ്ലീഷ് ഫാന്റസി നോവലായ ദി റെഡ് വിച്ചും പ്രകാശനം ചെയ്തു. ഇന്നലെ രാത്രി എട്ട് മണിക്ക് ഷാർജ ബുക്ക് ഫെയറിൽ നടന്ന ചടങ്ങിലായിരുന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. സുസമസ്യ പബ്ലിഷേഴ്സ് ആണ് പ്രസാധകർ.

അമ്മയും മകളും ഒരുമിച്ച് നടത്തിയ പ്രകാശനവേദിയിൽ നിറസാന്നിധ്യമായി പ്രശസ്ത പ്രസന്റർ മച്ചിങ്ങൽ രാധാകൃഷ്ണൻ ആദ്യാവസാനം നിറഞ്ഞു നിന്നു. ബാൽക്കണിക്കാഴ്ചകൾ രവീന്ദ്രൻ മാഷുടെ ഭാര്യയും എഴുത്തുകാരിയുമായ ശോഭന രവീന്ദ്രൻ എഴുത്തുകാരി ഗീത മോഹന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരനും കവിയും കൈരളി ബുക്ക്സ് എഡിറ്ററുമായ സുകുമാരൻ പെരിയച്ചൂർ പുസ്തകപരിചയം നടത്തി. രണ്ടു മുറികളുള്ള കൊച്ചു ഫ്ലാറ്റിന്റെ ചെറിയ ബാൽക്കണിയിലൂടെ കഥാകാരി കണ്ട വെയിലും മഴയും ആകാശവും തൊട്ടു മുൻപിലെ കെട്ടിടത്തിലെ ബാൽക്കണികളിലെ ജീവിതങ്ങളും ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയിൽ കണ്ട കാഴ്ചകളും കേട്ട അനുഭവങ്ങളും എല്ലാം കോർത്തിണക്കി പത്ത് കഥകൾ ആക്കി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുകയാണ്, പത്തു ബാൽക്കണിക്കാഴ്ചകളിലൂടെ

ദി റെഡ് വിച്ചിന്റെ പ്രകാശനം കവിയും മാദ്ധ്യമ പ്രവർത്തകനുമായ ഇസ്മായിൽ മേലടി എഴുത്തുകാരിസജ്‌ന അബ്ദുല്ലക്ക് നൽകി നടത്തി. ഇസ്മായിൽ മേലടി പുസ്തകപരിചയം നടത്തി. അക്കാഫ് ചെയർ പേഴ്‌സൺ ഷാഹുൽ ഹമീദ് ആശംസകൾ അർപ്പിച്ചു. ഒരു കൊച്ചു പെൺകുട്ടിയുടെ മനോവ്യാപാരങ്ങൾ തൊട്ട് ഒരു രാഷ്ട്രത്തിന്റെ നിസ്വാർത്ഥമായ പുനർനിർമ്മാണം വരെ പ്രതിപാദിക്കുന്ന, ഫാന്റസി എന്ന വിശേഷണമുണ്ടെങ്കിലും റെഡ് വിച്ച് സമൂഹത്തിലെ പല അനീതികൾക്കും അന്യായങ്ങൾക്കും എതിരെ പട വെട്ടാൻ ഒരു മാജിക്കൽ പവർ തന്നെ വേണ്ടി വരുമെന്ന് പറയുന്നതിലൂടെ ഈ നോവൽ വളരെ റിയലിസ്റ്റിക് ആണെന്ന് തെളിയിക്കുകയാണ് എഴുത്തുകാരി.

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലുരാണ് മഞ്ജു ശ്രീകുമാറിന്റെ സ്വദേശം. 1998 മുതൽ കുടുംബത്തോടൊപ്പം ദുബായിൽ താമസം.ഭർത്താവ് ശ്രീകുമാർ. മക്കൾ സാരംഗ്, സൗരവ്, ശിവാംഗി.

ഇരുപത്തിയൊന്ന് വാരിയെല്ലുകൾ, ലാൽബാഗ് എക്സ്പ്രെസ്സ്, സമസ്യാരവം, ഗഡീസ്, ഡാർക്ക് റൂട്ട്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളിൽ ഭാഗമാണ്. ഇരുപത്തിയൊന്ന് വാരിയെല്ലുകൾ, ഡാർക്ക് റൂട്ട്സ്‌, അക്കാഫ് ഇവന്റസ്‌ 2023 എന്നീ പുസ്തകങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗം.

ഒൻപത് വർഷത്തോളം ദുബായിലും ഷാർജയിലുമായി വിവിധ അന്താരാഷ്ട്രകമ്പനികളിൽ ജോലി ചെയ്തു,ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലെ എഴുത്തിനും ഡെസേർട് ഡ്രൈവിനും വ്ലോഗ്ഗിങ്ങിനും ഒപ്പം സാമൂഹ്യ പ്രവർത്തന കൂട്ടായ്മകളിലും സജീവം.

ശിവാംഗി മേനോൻ , ദുബായിൽ ലെവൽ ഫോർ വിദ്യാർത്ഥിനി. പതിനേഴ് വയസ്സ്കാരിയായ ശിവാംഗി മേനോൻ ശ്രീകുമാറിന്റെ രണ്ടാമത്തെ നോവൽ ആണ് ദി റെഡ് വിച്ച്. ആദ്യ നോവൽ ദി ഗ്രേറ്റ് ബ്ലൈൻഡ്‌നെസ്സ് കഴിഞ്ഞ വര്ഷം ഷാർജ ബുക്ക് ഫെയറിൽ പ്രകാശിതമായി.

Related Articles

Latest Articles