സുപ്രീംകോടതിയില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കാനായിരുന്നില്ല തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. നിലവിലെ സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് സാവകാശ ഹര്‍ജി. വിധി അംഗീകരിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ട് എന്ന് അഭിഭാഷകന്‍ അറിയിച്ചു. മൂന്നുമിനിറ്റ് മാത്രമാണ് വാദിക്കാന്‍ കിട്ടിയത്, സ്റ്റാന്‍ഡിങ് കോണ്‍സലിനോട് വിശദീകരണം തേടിയെന്നും അദ്ദേഹം ആറന്മുളയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മാറ്റാനുള്ള നീക്കം സംബന്ധിച്ച വാര്‍ത്തയോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല. മാധ്യമങ്ങള്‍ അങ്ങനെ പല വാര്‍‌ത്തകളും നല്‍കും എന്നായിരുന്നു പ്രതികരണം.

ദേവസ്വം കമ്മിഷണര്‍ക്ക് കാര്യങ്ങള്‍ നേരിട്ടറിയാം, അദ്ദേഹം നേരിട്ട് വിശദീകരിക്കും. ബോര്‍ഡിന് ഇക്കാര്യത്തില്‍ ആശങ്കയോ പ്രതിസന്ധിയോ ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞു.ഭരണഘടനയും ആചാരങ്ങളും പരിഗണിക്കപ്പെടണമെന്നും എ.പത്മകുമാര്‍ പറഞ്ഞു. കൂടുതല്‍ വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി സമയം നല്‍കിയിട്ടുണ്ട്. നാളെ കമ്മിഷണറുമായും അഭിഭാഷകനുമായും ചര്‍ച്ചനടത്തും. കമ്മിഷണറുടെ പദവി ആജീവനാന്ത പദവിയല്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിഞ്ഞതിനു പിന്നാലെ ബോര്‍ഡ് അധ്യക്ഷന്‍ എ.പത്മകുമാറിനെ മാറ്റാനുള്ള സാധ്യതയും അണിയറയിൽ നടക്കുന്നുണ്ട്. പത്മകുമാറിനെ അറിയിക്കാതെയാണ് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയത്. ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് ബോര്‍ഡ് യുവതീ പ്രവേശനത്തെ അനുകൂലിച്ച് വാദിച്ചത്. ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് അധ്യക്ഷന്‍ എം.രാജഗോപാലന്‍ നായരോടും വിവരം പങ്കുവച്ചിരുന്നു. ദേവസ്വം കമ്മിഷണര്‍ എന്‍.വാസു അടുത്ത മാസം വിരമിക്കുമ്പോള്‍ അദ്ദേഹത്തെ റിക്രൂട്മെന്റ് ബോര്‍ഡിലേക്കും രാജഗോപാലന്‍ നായരെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ പദവിയിലേക്കും പരിഗണിക്കുവാൻ സാധ്യത ഉണ്ട്.