Saturday, September 19, 2026

അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്ക് മാറ്റാൻ നീക്കം; കരുതിയിരിക്കാൻ പോലീസിന് നിർദ്ദേശം

ഇടുക്കി: കാടിറങ്ങിയെത്തി ചിന്നക്കനാൽ പ്രദേശത്തെ ഭീതിമുനയിൽ നിർത്തിയ അരിക്കൊമ്പനെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ചത്. അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലേക്കെ് മാറ്റാനാണ് നീക്കം. പെരിയാർ കടുവ സങ്കേതത്തിലെ മുല്ലക്കുടിക്ക് അടുത്തുള്ള സീനിയർഓട എന്ന ഭാഗത്തേക്കാണ് മാറ്റുക.

അതിനിടെ ആനയെ മയക്കുവെടിവെച്ച സാഹചര്യത്തിൽ കരുതിയിരിക്കാൻ ഇടുക്കി എസ്പി പോലീസ് സേനക്ക് നിർദ്ദേശം നൽകി. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകൾക്കാണ് നിർദ്ദേശം നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും. ആനയെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

സിമന്റ് പാലം മേഖലയിലെ ദൗത്യമേഖലയിലെത്തിച്ചാണ് അരിക്കൊമ്പനെ വനംവകുപ്പ് സംഘം മയക്കുവെടിവെച്ചത്. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. സജീകരിച്ച് നിർത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമൽ ആംബുലൻസിലേക്ക് കയറ്റുക.

Related Articles

Latest Articles