Sunday, October 18, 2026

വൈക്കത്ത് എംപിമാർ അവഗണിക്കപ്പെട്ടു!! കടുത്ത അതൃപ്തിയുമായി ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി

ദില്ലി :കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ പങ്കെടുത്ത വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ എംപിമാർ അവഗണിക്കപ്പെട്ടതില്‍ കടുത്ത അതൃപ്തിയുമായി ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി). എംപിമാരായ കെ.മുരളീധരനെയും എം.കെ.രാഘവനെയും ഒരിക്കലും മാറ്റി നിർത്തരുതായിരുന്നുവെന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോടു വ്യക്തമാക്കി.

കെപിസിസി നേതൃത്വം നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന എംപിമാരുടെ പരാതികളിൽ കഴമ്പുണ്ടെന്ന നിരീക്ഷണത്തിലാണ് എഐസിസി. വൈക്കത്ത് വേദിയിലുണ്ടായിരുന്ന മുരളീധരനെയും ശശി തരൂരിനെയും എംപി സ്ഥാനം വഹിക്കുന്നവർ ആയിട്ട് കൂടി പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നില്ല. സമയക്കുറവാണ് കാരണമായി ചൂണ്ടിക്കാണിച്ചത്. തന്നെ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്നും സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്താൻ താൻ തയ്യാറാണെന്നും കെ മുരളീധരൻ പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു.

മലബാറിൽനിന്ന് നവോത്ഥാന യാത്ര നടത്താൻ എം.കെ.രാഘവൻ എംപിയെ ചുമതലപ്പെടുത്താത്തതിലും വേണുഗോപാൽ സംസ്ഥാന നേതൃത്വത്തെ അതൃപ്തിയറിയിച്ചു. തെക്കൻ മേഖലയിൽനിന്ന് യാത്രകൾ നയിച്ചത് മൂന്ന് എംപിമാരാണ്. അതെ സമയം മലബാറിൽ നിന്നുള്ള യാത്ര നയിക്കാനുള്ള അവസരം എം.കെ.രാഘവൻ എംപിയെ തഴഞ്ഞ് എംഎൽഎയായ ടി.സിദ്ദീഖിന് നൽകുകയായിരുന്നു.

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിറ്റിങ് എംപിയെ മാറ്റിനിർത്തരുതായിരുന്നു എന്നാണ് എഐസിസിയുടെ വിലയിരുത്തൽ. അതെ സമയം എംപിമാരുടെ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരും.

Related Articles

Latest Articles