Sunday, May 19, 2024
spot_img

ഓരോ ഗാനത്തിലും ദൈവത്തിന്റെ കയ്യൊപ്പു പതിപ്പിച്ച സംഗീത സംവിധായകൻ; മലയാളികളുടെ പ്രിയ ബാബുക്ക ഓർമയായിട്ട് ഇന്ന് നാൽപത്തിരണ്ടു വർഷം

ഒരു ഹാര്‍മോണിയപ്പെട്ടിയുടെ ശ്രുതിയ്‌ക്കൊപ്പം സഞ്ചരിച്ച ജീവിതം. ഹാര്‍മോണിയത്തിലെ കറുപ്പും വെളുപ്പും കട്ടകളിലൂടെ ഒരു തലമുറയെ ഒന്നാകെ സംഗീത ലഹരിയില്‍ ആറാടിച്ച സംഗീതജ്ഞന്‍ അതായിരുന്നു എം.എസ്.ബാബുരാജ്. മലയാളികളുടെ പ്രിയ എം.എസ്.ബാബുരാജ് ഓര്‍മയായിട്ട് ഇന്ന് നാൽപത്തിരണ്ടു വർഷങ്ങൾ പിന്നിടുന്നു. പതിറ്റാണ്ടുകൾ കടന്നു പോയാലും നൂറ്റാണ്ടുകളോളം ഓർമിക്കാനുള്ള പാട്ടുകാലം സമ്മാനിച്ച ബാബുക്കയ്ക്ക് പാട്ടു പ്രേമികളുടെ മനസ്സിൽ മരണമില്ല. ഓരോ തലമുറയിലെയും ആസ്വാദകരെ വല്ലാതങ്ങ് സ്പര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഈണങ്ങൾ. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിൻറെയും ശൈലി മലയാള ഗാന ശാഖയ്ക്ക് പകർന്നു തന്നത് മുഹമ്മദ് സബീർ ബാബുരാജ് എന്ന മലയാളികളുടെ സ്വന്തം ബാബുക്കയായിരുന്നു. ഏറെ കഷ്ടതകൾ നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിൻറെത്. ബാബുരാജിന്റെ സംഗീത ജീവിതത്തില്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു നിന്ന സുഹൃത്തുക്കളായിരുന്നു പി.ഭാസ്‌കരനും നമ്മുടെ പ്രിയപ്പെട്ട ദാസേട്ടനും.

ബാബുരാജ് എന്ന അതുല്യ പ്രതിഭയുടെ പട്ടു കേൾക്കാത്തതോ മൂളാത്തതോ ആയിട്ട് നമുക്കിടയിൽ ആരും തന്നെ ഉണ്ടാകില്ല. നിരവധി നാടകങ്ങളിൽ സംഗീത സംവിധാനം നിർവ്വഹിച്ച അദ്ദേഹം പി ഭാസ്കരൻറെ തിരമാല എന്ന ചിത്രത്തിൽ സംഗീത സംവിധായകൻറെ സഹായിയായിട്ടാണ് സിനിമാരംഗത്ത് എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി ബാബു രാജ് മാറി. രണ്ടു പതിറ്റാണ്ടു കാലത്തിനുള്ളിൽ മലയാള സിനിമാ സംഗീത ലോകത്ത് മികച്ച സംഭാവനകൾ കാഴ്ച്ചവയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചു. താമസമെന്തേ വരുവാൻ , വാസന്ത പഞ്ചമി നാളിൽ , സൂര്യകാന്തി സൂര്യകാന്തി , കദളിവാഴ കൈയ്യിലിരുന്ന് തുടങ്ങിയവയാണ് അദ്ദേഹത്തിൻറെ മികച്ച ഗാനങ്ങൾ.

സുഹൃദ്ബന്ധങ്ങളായിരുന്നു ബാബുരാജെന്ന കലാകാരന്റെ ശക്തി. ഓരോരുത്തരേയും തന്നാലാവും വിധം അദ്ദേഹം സഹായിച്ചു. അത്തരത്തില്‍ നല്ലൊരു മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം. ഓരോ ഗാനത്തിലും ദൈവത്തിന്റെ കയ്യൊപ്പു പതിപ്പിച്ച സംഗീത സംവിധായകൻ എന്ന് തന്നെയാണ് ബാബുക്കയെ വിളിക്കേണ്ടത്. കോഴിക്കോടിനെ തെരുവുകളിൽ ഇന്നും ഒരുപക്ഷേ ബാബുക്കയുടെ ആ പഴയ വിശപ്പിന്റെ ഹിന്ദുസ്ഥാനി രാഗങ്ങൾ ആരുമറിയാതെ മുഴങ്ങുന്നുണ്ടാകണം, കേൾക്കേണ്ടവർ മാത്രം അത് കേൾക്കും. അണയാത്ത നാളം പോലെ അദ്ദേഹത്തിൻറെ ഓർമ്മകൾ ഇന്നും തലമുറകളായി കൈമാറുകയാണ്…. ഓരോ ഈണങ്ങളിലൂടേയും ..

Related Articles

Latest Articles