Wednesday, May 15, 2024
spot_img

ഹരിത വിഷയത്തിൽ എംഎസ്എഫിലും അഭിപ്രായ ഭിന്നത; നേതൃത്വത്തിനെതിരെ വിമർശനവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്

വയനാട്: ഹരിത വിവാദത്തില്‍ ചേരിപ്പോര് തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ. പുതിയ ഹരിത ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ ചര്‍ച്ചകളുണ്ടായില്ല. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമം. ആരോപണ വിധേയര്‍ ഗൂ‌ഢാലോചന നടത്തുകയാണ്. ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണ്. അഭിപ്രായം പറയുന്നവരെ ടാർഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളതെന്നും ഷൈജല്‍ പറഞ്ഞു.

ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജൽ. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉള്‍പ്പടെയുളളവരെ ഒറ്റപ്പെടുത്തുകയാണെന്നും ഷൈജല്‍ ആരോപിച്ചു. ഹരിത വിഷയത്തില്‍ പി കെ നവാസ് ഉള്‍പ്പടെയുളളവര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ഷൈജല്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ലൈംഗിക അധിക്ഷേപ പരാതിയിൽ ഹരിതയ്ക്ക് നീതികിട്ടിയില്ലെന്ന പേരിൽ ജില്ലാ ഘടകങ്ങളിൽ നിന്ന് ഭാരവാഹികളുടെ രാജി തുടരുന്നതിനിടെയാണ് ഒരുവിഭാഗം പരസ്യമായി വിമർശനമുന്നയിക്കുന്നത്. ഹരിത വയനാട് ജില്ലാ പ്രസിഡന്‍റ് ഫാത്തിമ ഷാദിന്‍ കാസർകോട് ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ല ജനറൽ സെക്രട്ടറി ശർമിനയുമാണ് ഇതുവരെ രാജിവെച്ചത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ ഇന്നലെ പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിയ്ക്കുകയും ചെയ്തു. ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles