Saturday, January 3, 2026

മുഹമ്മദ് ഷാഫി സൈക്കോ പാത്ത്! സ്ത്രീകളെ ക്രൂരമായി മുറിവേൽപ്പിച്ച് ബലാംത്സംഗം ചെയ്ത് ആനന്ദം കണ്ടെത്തുന്നയാൾ, ഇരകളെ വലയിൽ വീഴ്ത്തുന്നത് ഗൂഡതന്ത്രങ്ങളിലൂടെ; ഇരട്ട ആഭിചാര കൊല കേസ് മുഖ്യപ്രതിയെ കുറിച്ച് കമ്മീഷണർ

കൊച്ചി: ഇരട്ട ആഭിചാര കൊലക്കേസിലെ അന്വേഷണ പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള സംഘത്തെ അഭിനന്ദിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കഠിനമായ അന്വേഷണത്തിലൂടെയാണ് കേസിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ മറ്റ് പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി.

ഒന്നാം പ്രതി ഷാഫി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിച്ചില്ല. തെളിവുകൾ നിരത്തി വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഷാഫി പോലീസിനോട് സഹകരിക്കാൻ തുടങ്ങിയത്.

സൈക്കോപാത്ത്, സെക്ഷ്വൽ പെർവേർട്ട് എന്നെല്ലാം പ്രതിയെ അഭിസംബോധന ചെയ്ത പോലീസ് കമ്മീഷണർ, ഷാഫി ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണെന്ന് കൂട്ടിച്ചേർത്തു. സ്ത്രീകളെ ഉപദ്രവിച്ചും വേദനിപ്പിച്ചും മുറിവേൽപ്പിച്ചും ലൈംഗികമായി പീഡിപ്പിക്കാൻ താൽപര്യപ്പെടുന്ന വൈകൃത മനോഭാവമാണ് ഇയാൾക്കുള്ളത്. ഇതിനായി വിവിധ തരത്തിലുള്ള സാഹചര്യങ്ങൾ പ്രതി തന്നെ സൃഷ്ടിക്കും, മുന്നൊരുക്കങ്ങൾ നടത്തും. സമൂഹത്തിൽ ദുർബലരായ വ്യക്തികളെ സ്വാധീനിച്ച് അവരുടെ സഹായത്തോടെയാണ് ഷാഫി ഇത്തരത്തിൽ ലൈംഗിക വൈകൃതങ്ങൾ ചെയ്യുന്നത്.

ഷാഫി ആറാം ക്ലാസ്സുവരെ മാത്രമേ പഠനം നടത്തിയിട്ടുള്ളൂ, 16 വയസിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി ജീവിതം ആരംഭിച്ചു. വാഹനം ഓടിക്കൽ, വാഹനം നന്നാക്കൽ, ഹോട്ടൽ നടത്തൽ തുടങ്ങി നിരവധി ജോലികൾ ഷാഫി ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 15-ഓളം കേസുകൾ ഷാഫിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധനസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ സമീപിക്കുക എന്ന ടാഗ് ലൈനോടെയാണ് സോഷ്യൽമീഡിയയിൽ ശ്രീദേവിയായി ഷാഫിയെത്തിയത്.

അതേസമയം ഭഗവൽ സിങ്ങും ഭാര്യയും മനുഷ്യമാംസം കഴിച്ചെന്ന് മൊഴി നൽകിയിട്ടുണ്ട്. കാലടിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മാംസം കഴിച്ചുവെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇതിനായി തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles