Friday, May 17, 2024
spot_img

ഷട്ടർ തുറക്കുന്നത് മുന്നറിയിപ്പില്ലാതെ; വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ എത്തിയതോടെ കൂടുതൽ ഷട്ടറുകൾ തുറന്നു. നിലവിൽ ഒമ്പത് സ്പിൽവേ ഷട്ടറുകൾ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകൾ 60 സെന്റീമീറ്റർ കൂടി ഉയർത്തിയിട്ടുണ്ട്. ഇതോടെ പെരിയാറിൽ ജലനിരപ്പ് നാല് അടിയിലേറെ ഉയർന്നു. പല വീടുകളിലും വെള്ളം കയറി. മഞ്ചുമല ആറ്റോരം ഭാഗത്താണ് കൂടുതലും വീടുകളിലേക്ക് വെള്ളം കയറിയത്.

മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ഷട്ടറുകൾ ഉയർത്തുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും വീട്ടുസാധനങ്ങൾ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ”ഈ മാസം പത്തിലേറെ തവണ മുല്ലപ്പെരിയാറിലെ ഷട്ടറുകളുയർത്തി. എപ്പോഴാണ് ഷട്ടറുകൾ ഉയർത്തുകയെന്ന് പോലും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടറ് ഉയർത്തിയ വിവരമറിയുന്നത്. അപ്രതീക്ഷിച്ചതായി വെള്ളം കയറുന്ന സാഹചര്യത്തിൽ ജോലിക്ക് പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും” പെരിയാറിന് തീരത്ത് താമസിക്കുന്നവർ പറഞ്ഞു.

ഷട്ടറുകൾ ഉയർത്തി വെള്ളം കയറിയതിന് ശേഷമാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നതെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. ഇന്ന് പുലർച്ചയോടെ വീടുകളിലേക്ക് വെള്ളം കയറി.എന്നാൽ ഒമ്പത് മണിയോടെയാണ് ജാഗ്രതാ മുന്നറിയിപ്പ് വന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ഷട്ടറുകൾ തോന്നും പോലെ ഉയർത്തുന്ന സാഹചര്യത്തിൽ പലരും ജോലിക്ക് പോകാതെ വീട്ടിലിരിക്കുകയാണ്.

Related Articles

Latest Articles