Wednesday, May 1, 2024
spot_img

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതി, നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ മതിയെന്ന് മേല്‍നോട്ട സമിതി. നിര്‍ണായക തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. സമീപകാല കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. കേരളത്തിൻറെ ആവശ്യങ്ങൾ മേൽനോട്ട സമിതിക്ക് ബോധ്യപ്പെട്ടെന്നും പുതിയ ഡാമെന്ന തീരുമാനത്തിലേക്ക് കേരളത്തിന് എത്താനാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത കേരളം 137 അടിയാക്കി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയില്‍ നിലനിര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളു.മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുകയെന്ന് കേരളം യോഗത്തില്‍ അറിയിച്ചു. തുടര്‍ന്നാണ് ശനിയാഴ്ച വരെ 138 അടിയില്‍ നിജപ്പെടുത്താമെന്ന് തമിഴ്നാട് അറിയിച്ചത്.138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി കളയും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. ഇന്നലെ രാവിലെ അഞ്ചു മണിക്കാണ് ജലനിരപ്പ് 137.60 അടിയിലെത്തിയത്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇന്നലെ പുലർച്ചയോടെ കുറഞ്ഞിരുന്നു. സെക്കന്‍റില്‍ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍റില്‍ 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. സ്പിൽവേ ഷട്ടറുകൾ തുറന്നാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.

Related Articles

Latest Articles