Monday, September 21, 2026

മുണ്ടത്തിക്കോട് ദുരന്തം! തിരച്ചിൽ തുടരുന്നതിനിടെ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി; കൈയ്യുടെ ഭാഗങ്ങൾ കണ്ടെത്തിയത് ഒരു കിലോമീറ്റർ ദൂരെ നിന്ന് ; ഡിഎൻഎ പരിശോധനാഫലം നാളെ മുതൽ ലഭിക്കും

തൃശ്ശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ദുരന്തഭൂമിയിൽ നിന്നും വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. അപകടം നടന്ന വെടിക്കെട്ട് പുരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. തെരുവുനായ്ക്കൾ കൊണ്ടുവന്നിട്ടതാകാമെന്നാണ് . മുണ്ടത്തിക്കോട്ടെ പാടശേഖരങ്ങളിൽ രണ്ടിടത്തുനിന്നായി കൂടുതൽ ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ദുരന്തഭൂമിയിൽ പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമായി തുടരുകയാണ്. കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. പത്തുപേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ്, പോലീസും നാട്ടുകാരും സംയുക്തമായാണ് സമീപത്തെ വീടുകളിലും പരിസരപ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തിവരുന്നത്.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനായുള്ള ഡിഎൻഎ പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ തൃശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക മൊബൈൽ ഡിഎൻഎ ടെസ്റ്റിംഗ് യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ഇരുപത്തിയൊൻപത് ശരീരഭാഗങ്ങളിൽ നിന്നും തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ നിന്നുമായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനകളുടെ ഫലം നാളെ മുതൽ ലഭ്യമായി തുടങ്ങുമെന്നാണ് അധികൃതർ അറിയിക്കുന്നത്. തിരച്ചിൽ തുടർന്നും കർശനമായി നടപ്പിലാക്കാനാണ് തീരുമാനം.

Related Articles

Latest Articles