കൊച്ചി: കൊച്ചിയിൽ (Kochi) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കി. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്.
ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തിലാണ് പെണ്‍കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. ചാടി മാറിയില്ലായിരുന്നെങ്കില്‍ ഓട്ടാറിക്ഷ ഇടിച്ചു താന്‍ മരിക്കുമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

