Tuesday, May 7, 2024
spot_img

കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം ! അമ്മയും കാമുകനും 14 ദിവസത്തെ റിമാൻഡിൽ

കൊച്ചിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതികളായ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത്‌ കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരെ ആലുവ കോടതിയാണ് റിമാൻഡ് ചെയ്തത്. ഇരുവരുടെയും അറസ്റ്റ് ഇന്നലെ രാത്രി എളമക്കര പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകം, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് തല കാല്‍മുട്ടില്‍ ഇടിപ്പിച്ചെന്ന് ഷാനിഫ് പോലീസിന് മൊഴി നൽകിയിരുന്നു. അമ്മ അശ്വതിക്കും കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു.

കുഞ്ഞിന്റെ നെഞ്ചിൽ ഇടിക്കുകയും മരണം ഉറപ്പാക്കാന്‍ കടിക്കുകയും ചെയ്തുവെന്നും ഷാനിഫ് മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞ് തങ്ങളുടെ ബന്ധത്തിന് ബാധ്യതയാകുമെന്ന തോന്നലാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കുഞ്ഞ് ജനിച്ച അന്നുമുതല്‍ ഷാനിഫ് കുഞ്ഞിനെ നിരവധി തവണ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ചെറിയ മുറിവുകള്‍ ഉണ്ടാക്കി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്വാഭാവിക മരണമാക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തി. എന്നാല്‍ അതൊന്നും വിജയിക്കാതായതോടെയാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താനുള്ള തീരുമാനത്തിലെത്തിച്ചേർന്നത്.

തുടർന്ന് ഡിസംബർ ഒന്നിന് കുഞ്ഞുമായി പ്രതികൾ കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തു. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തി. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നു എന്നാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യം പുറംലോകമറിഞ്ഞത്.

കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് ഷാനിഫ് സമ്മതിച്ചു. എന്നാൽ കുറ്റകൃത്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു അശ്വതി പോലീസിന് മൊഴി നൽകിയത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ അമ്മയുടെ പങ്ക് തെളിഞ്ഞതോടെയാണ് പോലീസ് ഇവരെയും അറസ്റ്റ് ചെയ്തത്

Related Articles

Latest Articles