Friday, May 17, 2024
spot_img

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; അസഫാക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ

ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

അതേസമയം ഇയാള്‍ മുമ്പ് ദില്ലിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2018 ല്‍ പോക്‌സോ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഗാസിയാബാദ് പൊലീസാണ് ബിഹാര്‍ സ്വദേശിയായ അസഫാക്ക് ആലത്തെ അന്ന് അറസ്റ്റു ചെയ്തിരുന്നത്. ഒരുമാസം ജയിലിൽ കഴിഞ്ഞ ശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങി സ്ഥലംവിടുകയായിരുന്നു.
ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ദില്ലിയിലെ കേസ് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു.

ഇയാളുടെ സ്വന്തം നാടായ ബിഹാറില്‍ അസഫാക് സമാനമായ കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘം ബിഹാറിലേക്ക് പോകുമെന്നും വിവേക് കുമാര്‍ വ്യക്തമാക്കി. ആലുവ സബ് ജയിലില്‍ വെച്ച് അസഫാകിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി. കേസില്‍ ദൃക്‌സാക്ഷികള്‍ ഇയാളെ തിരിച്ചറിഞ്ഞു. മാര്‍ക്കറ്റില്‍ വെച്ച് പ്രതിയെയും കുട്ടിയെയും കണ്ട തൊഴിലാളി താജുദ്ദീന്‍, പ്രതി സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസിലെ യാത്രക്കാരിയായ സ്ത്രീ തുടങ്ങിയവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അതേസമയം ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍ വ്യക്തമാക്കി. കേസില്‍ കുട്ടിക്കും കുടുംബത്തിനും പ്രോസിക്യൂഷനും ഒപ്പം നില്‍ക്കും. പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടുമെന്നുംഅദ്ദേഹം വ്യക്തമാക്കി

Related Articles

Latest Articles