Sunday, January 11, 2026

പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പരിമൾസാഹുവിന്റെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി; പ്രതിയെ വെറുതെ വിട്ടു

എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. വധശിക്ഷക്ക് വിധിച്ച പറവൂര്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളുമാണ് വധശിക്ഷ റദ്ദാക്കിയതിന് പിന്നിലെന്നാണ് ലഭ്യമായ വിവരം. 2018 മാര്‍ച്ച് 18നാണ് 61കാരിയായ മോളി കൊല്ലപ്പെട്ടത്.

2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.

ക്രൂരമായ ബലാത്സംഗ ശ്രമം, പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി അന്ന് തന്നെ പരിമൾ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി സുജിത്ദാസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പറവൂർ സെഷൻസ് കോടതിയിൽ കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2021 മാർച്ച് 8ന് പരിമൾ സാഹുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

Related Articles

Latest Articles