Monday, September 21, 2026

യു. പ്രതിഭക്കെതിരായ മുസ്ലിം ലീഗ് നേതാവിൻറെ പരാമർശം! കേസെടുക്കാൻ നിർദേശിച്ച് ജില്ലാ കളക്ടർ

ആലപ്പുഴ :കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്‌ക്കെതിരായ ലീഗ് നേതാവിന്റെ പരാമര്‍ശത്തില്‍ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പോലീസിന് നിർദേശം നൽകി. ഒരു മണിക്ക് മുന്‍പ് നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടറോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.ഖേല്‍ക്കർ നിര്‍ദേശം നല്‍കിയിരുന്നു.

കായംകുളം യുഡിഎഫ് കണ്‍വീനര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നല്‍കിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനാണ് പരാതി നല്‍കിയത്. അധിക്ഷേപ പരാമര്‍ശം നടത്തിയ ഇര്‍ഷാദിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ഇര്‍ഷാദിനെ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പകരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്.ബഷീര്‍ കുട്ടിയെ പുതിയ ചെയര്‍മാനായി നിയമിച്ചു. പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.

ചൊവ്വാഴ്ച കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിടെ ഇര്‍ഷാദ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് ആധാരമായത്. ‘എംഎല്‍എ ആയിരുന്ന കാലത്ത് ഒരു പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചില്ലെങ്കിലും തന്റെ നാക്ക് ചാരുതയും ശരീരത്തിന്റെ അഴകും വില്‍പ്പനക്ക് വെച്ചുകൊണ്ടാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്’ എന്നായിരുന്നു ഇര്‍ഷാദിന്റെ അധിക്ഷേപം.

Related Articles

Latest Articles