ശ്രീനഗര്‍- പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ ഈദ് ആഘോഷം കശ്മീരിൽ നടന്നു. വൻ സുരക്ഷ ക്രമീകരങ്ങൾക്കിടയിലായിരുന്നു ഈദ് ആഘോഷം. ജമ്മുവിൽ ധാരാളം ആളുകൾ രാവിലെ തന്നെ ഈദ് നമസ്‌കാരം നടത്തി. ഈദ് ആഘോഷവേളയിൽ ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യം കുറയ്ക്കാൻ നിരവധി നടപടികൾ ജില്ലാ ഭരണകൂടം സ്വകരിച്ചിട്ടുണ്ട്. പച്ചക്കറികൾ,എൽ.പി.ജി സിലിണ്ടറുകൾ,കോഴി,മുട്ട എന്നിവ വീടു തോറും വിതരണം ചെയ്യുന്നതിനായി മൊബൈൽ വാനുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പുരോഹിതന്മാരും,കശ്മീർ ഡിവിഷണൽ കമ്മീഷണർ ബസീർ ഖാനും, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് കശ്മീർ സ്വയം പ്രകാശ് പാനിയും, ശ്രീനഗർ ജില്ല മജിസ്‌ട്രേറ്റ് ഷാഹിദ് ചൗധരിയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനപരവും സുഗമവുമായ ഈദ് ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു.
ശ്രീനഗറിൽ 250 ലധികം എ.ടി.എമ്മുകൾ പ്രവർത്തനക്ഷമമാക്കി. ജനങ്ങളുടെ സൗകര്യാർത്ഥം ബാങ്ക് ശാഖകളും തുറന്നു. ആളുകൾക്ക് പ്രാർത്ഥന നടത്താൻ അയൽപക്കത്തെ പളളികൾ സന്ദർശിക്കാൻ അനുവാദമുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.

