Wednesday, May 15, 2024
spot_img

മോചനത്തിന് സഹായിച്ച സർക്കാരിന് നന്ദി; അവസരം ലഭിച്ചാൽ ഗാന്ധി കുടുംബത്തെ കാണും: ഇനിയുള്ള കാലം വിദേശത്തുള്ള മകളോടൊപ്പം ജീവിക്കാൻ ആഗ്രഹമെന്ന് നളിനി

ദില്ലി: രാജീവ് ഗാന്ധി വധത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് കേസിൽ ജയിൽമോചിതയായ പ്രതി നളിനി. അവസരം ലഭിച്ചാൽ ഗാന്ധി കുടുംബത്തെ കാണുമെന്നും മോചനത്തിന് സഹായിച്ച സർക്കാരിന് നന്ദിയെന്നും നളിനി പ്രതികരിച്ചു. സമാധാനപരമായ ജീവിതമാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

”സ്‌ഫോടനത്തിൽ നഷ്ടം സംഭവിച്ചവരുടെ കാര്യത്തിൽ സങ്കടമുണ്ട്. ഇക്കാര്യമാലോചിച്ച് ഒരുപാട് വർഷം ജയിലിൽ കഴിഞ്ഞു. ക്ഷമിക്കണമെന്ന് മാത്രമേ പറയാനുള്ളൂ. പൊട്ടിത്തെറിയുണ്ടാകുമ്പോൾ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്‌ക്ക് അടുത്തായിരുന്നു നിന്നിരുന്നത്. സത്യമായിട്ടും സംഭവസ്ഥലത്ത് ഞാൻ ഉണ്ടായിരുന്നില്ല. ചാവേർ ആക്രമണം നടക്കുമെന്ന് അറിഞ്ഞിരുന്നില്ല. എൽടിടിഇയെക്കുറിച്ച് ഒന്നും തന്നെ പ്രതികരിക്കാനില്ല.” നളിനി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലണ്ടനിൽ സ്ഥിരതാമസമായ മകൾ ഹരിതയെ കാണാൻ പോകണമെന്നും മകളോടൊപ്പം ഇനിയുള്ള കാലം ജീവിക്കണമെന്നുമാണ് ആഗ്രഹമെന്നും നളിനി പറഞ്ഞു. ഗാന്ധി കുടുംബത്തെ കാണാൻ ഒരു മടിയുമില്ല. താനെന്തിന് മടിക്കണമെന്നും അവസാനമായി പ്രിയങ്കയെ ജയിലിൽ വെച്ച് കണ്ടപ്പോൾ സ്വപ്നമാണോന്നറിയാൻ നുള്ളിനോക്കിയെന്നും നളിനി പറഞ്ഞു.

ശനിയാഴ്ചയായിരുന്നു നളിനി അടക്കം ആറ് പ്രതികൾ ജയിൽ മോചിതരമായത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് മോചനം. ഇതിൽ നളിനിയുടെ ഭർത്താവ് മുരുകൻ ഉൾപ്പെടെ നാല് പേരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർ ഇന്ത്യൻ പൗരന്മാർ അല്ലാത്തതിനാൽ വിദേശികളെ പാർപ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

Related Articles

Latest Articles