തിരുവനന്തപുരം : സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി 12 വര്‍ഷം അധിക തടവും കേദല്‍ അനുഭവിക്കണം. സെഷന്‍ 302 പ്രകാരമുള്ള ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഈ 12 വര്‍ഷത്തെ തടവ് കേദല്‍ ജെന്‍സന്‍ അനുഭവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതിന് പുറമെ 15 ലക്ഷംരൂപ പിഴയും നൽകണം. ഇത് അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് നല്‍കേണ്ടത്.
പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് ആദ്യഘട്ടത്തിൽ കേദൽ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്. പിന്നീട് മൊഴിമാറ്റിയ പ്രതി , പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞര്‍ കേഡലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ കൊലപാതകമെല്ലാം നടത്തിയത്. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേഡല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുന്‍പ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി തെറ്റിദ്ധാരണ പരത്താനും ശ്രമിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാന്‍ലി കാര്‍പെന്റര്‍ ആക്‌സ് എന്ന മഴു ഓണ്‍ലൈനിലൂടെയാണ് പ്രതി വാങ്ങിയത്.ചില വീഡിയോ ഗെയിമുകള്‍ താന്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തിയത്.

