Friday, April 19, 2024
spot_img

പ്രതിപക്ഷം പാകിസ്ഥാനെ സഹായിക്കാൻ ശ്രമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രതിപക്ഷം പാക്കിസ്ഥാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള ‘സങ്കൽപ്പ്’ റാലിയിൽ പങ്കെടുത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കാനാണ് ഇരുപത്തിയൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭീകരക്യാംപുകള്‍ തകര്‍ത്തതിനു ശേഷമുള്ള കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടുകള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. നിയന്ത്രണരേഖയിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകൾ ചോദിച്ചവരാണ് കോൺഗ്രസ്. അവരിപ്പോൾ വ്യോമസേന നടത്തിയ ആക്രമണത്തെയും സംശയിക്കുന്നു. കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും എന്തിനാണു സായുധ സേനകളുടെ ആത്മവീര്യം നശിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി ചോദിച്ചു. ശത്രുക്കൾക്കു വളമാകുന്ന പ്രസ്താവനകൾ കോണ്‍ഗ്രസ് എന്തിനാണു നടത്തുന്നതെന്ന് അറിയില്ല– പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ മുഴുവൻ ജനങ്ങളും ജവാന്മാർക്കൊപ്പം ഉറച്ചുനിൽക്കും. ഭീകരർക്കെതിരെ നിലപാടു സ്വീകരിക്കേണ്ടവർ പക്ഷേ യോഗം ചേർന്നു സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണ്. കാവൽക്കാരനെ അവഹേളിക്കാനുള്ള മത്സരമാണു നടക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു

Related Articles

Latest Articles