അമേഠിയിലെ കലാഷ്‌നിക്കോവ് റൈഫിള്‍ യൂണിറ്റില്‍ നിര്‍മ്മിക്കുന്ന എ.കെ 203 റൈഫിളുകള്‍ ഭീകരാവാദികളെ നേരിടുന്നതില്‍ സൈന്യത്തിന് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും ആധുനിക തോക്കുകളിലൊന്നായ എ.കെ 203 ഇന്ത്യയും റഷ്യയും സംയുക്തമായാവും നിര്‍മ്മിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അമേഠിയിലെ സംരംഭം ചുരുങ്ങിയ സമയത്തിനകം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനോടുള്ള നന്ദി അദ്ദേഹം പ്രകടിപ്പിച്ചു. വോട്ട് ലഭിച്ചശേഷം ജനങ്ങളെ മറക്കുകയെന്നത് ചിലരുടെ ശീലമാണെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവര്‍ അങ്ങനെതന്നെ തുടരണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ മാത്രമെ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം തലമുറകളോളം മുഴക്കാനാവൂ. പാവപ്പെട്ടവരെ ശാക്തീകരിക്കാനും ദാരിദ്രം ഇല്ലാതാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഭാവിയില്‍ അമേഠി സന്ദര്‍ശിച്ച നേതാക്കളുടെ പേരിലാവില്ല, ഇവിടെ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാവും പ്രദേശം അറിയപ്പെടുകയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.