Friday, May 17, 2024
spot_img

വ്‌ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി നരേന്ദ്ര മോദി ; യുക്രെയ്ൻ യുദ്ധവും വിമത നീക്കവും അടക്കം ചർച്ചയായി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ ചര്‍ച്ച നടത്തി. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും റഷ്യയില്‍ നടന്ന വിമത നീക്കം പരിഹരിച്ചത് അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയിൽ ഉൾപ്പെട്ടിരുന്നുവെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വിമത നീക്കത്തില്‍ ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റഷ്യന്‍ സർക്കാർ സ്വീകരിച്ച നടപടികളില്‍ മോദി പിന്തുണ അറിയിച്ചതായും വാർത്താകുറിപ്പിൽ പറയുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തുവെന്നും റഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് പുട്ടിൻ മോദിയെ ധരിപ്പിച്ചതായും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ജൂൺ 24 ന് റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്ക് 200 കിലോമീറ്റർ അടുത്തുവരെ മുന്നേറിയ ശേഷമാണ് ബെലാറസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചകളുടെ ഫലമായി വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിൻ നയിക്കുന്ന വിമത സേന അട്ടിമറി നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞത്. നേരത്തെ വാഗ്നർ സേന പിടിച്ചെടുത്ത റോസ്തോവ് നഗരത്തിലെ സൈനിക ആസ്ഥാനവും വിട്ടുകൊടുത്തതോടെ സ്ഥിതി ശാന്തമായിട്ടുണ്ട്. റഷ്യൻ സേനയ്ക്കൊപ്പം യുക്രെയ്നിലെ യുദ്ധം തുടരാൻ വാഗ്നർ പോരാളികളോടു നേതാവ് യെവ്ഗിനി പ്രിഗോഷിൻ ആഹ്വാനം ചെയ്തു. കലാപത്തിനു ശ്രമിച്ചതിനു പ്രിഗോഷിനും പടയ്ക്കുമെതിരെ നടപടിയുണ്ടാകില്ലെന്നു റഷ്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിഗോഷിൻ ബെലാറസിലേക്ക് കടന്നതായി റിപ്പോർട്ടുണ്ട്

Related Articles

Latest Articles