Friday, May 3, 2024
spot_img

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന് ആവര്‍ത്തിച്ച് നരേന്ദ്രമോദി; നിയമോപദേശം തേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടിയുടെ സമ്പാദ്യങ്ങൾ നിക്ഷേപകരിലേക്കെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

‘കരുവന്നൂർ ബാങ്ക് തട്ടിൽ ഇഡി കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്. രാഷ്‌ട്രീയപ്രേരിതമായി ഇഡി പ്രവർത്തിക്കുന്നുവെന്നതിൽ അർത്ഥമില്ല. അഴിമതി തടയണമെങ്കിൽ അന്വേഷണ ഏജൻസികൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. അതിനാൽ ഇഡിയുടെ അന്വേഷണത്തിൽ ഞാൻ ഒരിക്കലും ഇടപെടില്ല. അതിനുള്ള അധികാരം പ്രധാനമന്ത്രിക്കില്ല. പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അവരിലേക്ക് തന്നെ തിരികെ എത്തണമെന്നാണ് ആഗ്രഹം. പാവങ്ങളുടെ പണമെടുത്ത് വസ്തുവകകൾ വാങ്ങി കൂട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ പണമാണ് കരുവന്നൂർ സഹകരണ ബാങ്ക് ഭരിച്ചവർ തട്ടിയെടുത്തത്. മുന്നൂറോളം സഹകരണ ബാങ്കുകൾ ഇത്തരത്തിൽ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിൽ കേരളത്തിലുണ്ട്. സാധാരണക്കാരൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊള്ളയടിക്കാൻ സമ്മതിക്കില്ല. പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുമെന്നും ഇതുപോലെ ഇഡി പിടിച്ചെടുത്ത കോടിക്കണക്കിന് അനധികൃത സമ്പാദ്യങ്ങൾ തിരികെ രാജ്യത്തെ ജനങ്ങളിൽ തന്നെ എത്തിച്ചേർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിഷയമായല്ല കേന്ദ്രസർക്കാർ ഈ പ്രശ്‌നത്തെ കാണുന്നത്. ഇത് സാധാരണക്കാരന്റെ പ്രശ്‌നമാണ്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുമെന്നും 2014ന് ശേഷം നിരവധി അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരെ കൊള്ളയടിക്കുന്നവർക്കുള്ള താക്കീതാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles