ഛത്രപതി സംഭാജിനഗർ : നാസിക് ടിസിഎസ് ലവ് ജിഹാദ് കേസിലെ മുഖ്യപ്രതി നിദ ഖാനെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സംഭാജിനഗറിലെ നരേഗാവ് ഏരിയയിലുള്ള ഒരു ഫ്ലാറ്റിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടിയത്. കൈസർ കോളനിയിലെ ഫ്ലാറ്റിൽ മാതാപിതാക്കൾക്കും സഹോദരനുമൊപ്പം കഴിയുകയായിരുന്നു ഇവർ.
നാസിക് ടിസിഎസിലെ എച്ച്.ആർ മാനേജരായിരുന്ന നിദ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഓഫീസിൽ നടന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വനിതാ ജീവനക്കാർ പരാതിപ്പെട്ടപ്പോൾ, നടപടിയെടുക്കുന്നതിന് പകരം പരാതിക്കാരെ നിരുത്സാഹപ്പെടുത്തുകയും വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. പീഡനവിവരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ ഇവർ തടഞ്ഞതായും ആക്ഷേപമുണ്ട്.
വിവാഹ വാഗ്ദാനം നൽകി പ്രണയിക്കുകയും പിന്നീട് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തു എന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് ടി.സി.എസിലെ കൂടുതൽ ജീവനക്കാരിലേക്ക് നീങ്ങിയത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നിരവധി സ്ത്രീകൾ ഓഫീസിൽ വച്ച് മോശമായ പെരുമാറ്റത്തിന് ഇരയായതായി വെളിപ്പെടുത്തിയിട്ടുണ്ട്. മുംബൈ നാക്ക, ദേവ്ലാലി ക്യാമ്പ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പരാതികൾ അവഗണിക്കാൻ നിദ ഖാനെ പ്രേരിപ്പിച്ച സാഹചര്യം പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഛത്രപതി സംഭാജിനഗറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാസിക്കിലേക്ക് കൊണ്ടുപോകും. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്നും നിർബന്ധിത മതപരിവർത്തനത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

