മുംബൈ : നാസിക് ടിസിഎസ് ലവ് ജിഹാദ് കേസിൽ ആഭ്യന്തര അന്വേഷണം ശക്തമാക്കി ടാറ്റ കൺസൾട്ടൻസി സർവീസസ്. സംഭവുമായി ബന്ധപ്പെട്ട് കമ്പനിയുടെ എത്തിക്സ് കമ്മിറ്റിക്കോ പോഷ് (POSH) ചാനലുകൾക്കോ യാതൊരുവിധ ഔദ്യോഗിക പരാതികളും ലഭിച്ചിട്ടില്ലെന്ന് ടി.സി.എസ് പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ പോലീസ് അന്വേഷണം നേരിടുന്ന നിദാ ഖാൻ കമ്പനിയുടെ എച്ച്.ആർ വിഭാഗം മേധാവിയല്ലെന്നും അവർ വെറുമൊരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നും കമ്പനി വ്യക്തമാക്കി.
വിഷയത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ സ്വതന്ത്ര ഡയറക്ടറായ കെകി മിസ്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒരു മേൽനോട്ട സമിതിയെ കമ്പനി നിയോഗിച്ചിട്ടുണ്ട്. ബാഹ്യ ഏജൻസികളുടെ സഹായത്തോടെയുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. വിവാദമായ കേസിൽ ആറ് പുരുഷന്മാരും ഒരു വനിതാ എച്ച്.ആർ ജീവനക്കാരിയും ഉൾപ്പെടെ ഏഴ് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന നിദാ ഖാനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. താൻ ഗർഭിണിയാണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിദ കോടതിയെ സമീപിച്ചിട്ടുണ്ട്.
ദാനിഷ് ഷെയ്ഖ് എന്ന ജീവനക്കാരൻ വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് കേസിന്റെ തുടക്കം. ദാനിഷിന്റെ സഹോദരിയായ നിദാ ഖാൻ പരാതിക്കാരിയെ മതം മാറാൻ പ്രേരിപ്പിക്കുകയും വിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട്. കേസ് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ ജീവനക്കാർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകളോട് സീറോ ടോളറൻസ് നയമാണ് കമ്പനിക്കുള്ളതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.

