Tuesday, April 30, 2024
spot_img

സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള കണക്കുകളിൽ ആവേശത്തോടെ ഭാരതം; ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്ന നേട്ടമെന്ന് പ്രധാനമന്ത്രി; നിറം മങ്ങിയ വർച്ചാനിരക്കുമായി ചൈന

ദില്ലി: ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ ജി ഡി പി വളർച്ച സൂചിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ പുതിയ ആവേശത്തിൽ രാജ്യം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പ്രവചനങ്ങളെ കടത്തിവെട്ടിയ നേട്ടമാണ് രാജ്യം നേടിയത് എന്നതാണ് ആവേശത്തിന്റെ കാരണം. ആർ ബി ഐ യും മറ്റ് സ്വതന്ത്ര ഏജൻസികളും പ്രവചിച്ചിരുന്നത് 6.5% മുതൽ 6.8% വരെ വളർച്ചയായിരുന്നു. എന്നാൽ ഈ കണക്കുകളെയെല്ലാം കടത്തിവെട്ടി രാജ്യം 7.6 ശതമാനം വളർച്ചയാണ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 6.2 ശതമായിരുന്നു ജി ഡി പി വളർച്ച. ഈ നേട്ടത്തോടെ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും.

രാജ്യത്ത് ഒരു പ്രത്യേക കാലയളവിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് ജി ഡി പി. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 41.74 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ ജി ഡി പി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ അത് 38.78 ലക്ഷം കോടി രൂപയായിരുന്നു. ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികളെ നേരിടുമ്പോഴാണ് ഭാരതത്തിന്റെ ഈ നേട്ടം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന ഈ കാലഘട്ടത്തിൽ വളർന്നത് 4.9 % മാത്രമാണെന്നത് ഇന്ത്യയുടെ നേട്ടത്തിന്റെ മധുരം വർദ്ധിപ്പിക്കുന്നു. ഇന്ത്യയെ പോലുള്ള ഒരു രാജ്യം ഉയർന്ന ജി ഡി പി വളർച്ചാ നിരക്ക് നിലനിർത്തേണ്ടത് തൊഴിലില്ലായ്മ പരിഹരിക്കാനും ദാരിദ്ര്യ നിർമാർജ്ജനത്തിനും അത്യന്താപേക്ഷിതമാണ്

നിർമ്മാണ, മൈനിങ്, സേവന മേഖലകളാണ് ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്. കാർഷിക മേഖലയുടെ വളർച്ച 2.5 ശതമാനത്തിൽ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. അടുത്തവർഷം ഫെബ്രുവരി 29 നായിരിക്കും മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തുവരിക.

Related Articles

Latest Articles